കലാപം നിയന്ത്രിച്ചില്ലെങ്കിൽ പിന്തുണ പിന്‍വലിക്കും, മണിപ്പൂ‍‍ര്‍ ബിജെപി സർക്കാരിന് എന്‍പിപി മുന്നറിയിപ്പ്

news image
Jun 17, 2023, 1:11 pm GMT+0000 payyolionline.in

ഇംഫാൽ : മണിപ്പൂരില്‍  കലാപം കൂടുതല്‍ രൂക്ഷമാകുന്നു. ഇംഫാല്‍ ഈസ്റ്റില്‍ സുരക്ഷ സേനയും, അക്രമികളും മണിക്കൂറുകളോളം ഏറ്റുമുട്ടി. സംസ്ഥാനത്ത് നിന്നുള്ള പ്രതിപക്ഷ പ്രതിനിധി സംഘത്തെ കാണാന്‍ പ്രധാനമന്ത്രി ഇനിയും തയ്യാറായിട്ടില്ല. കലാപം നിയന്ത്രിച്ചില്ലെങ്കില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് പ്രധാന ഘടകകക്ഷിയായ എന്‍പിപി സംസ്ഥാന സ‍ര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

പുലര്‍ച്ചെ വരെ നീണ്ട ഏറ്റമുട്ടലാണ് ചുരാചന്ദ് പൂര്‍, ബിഷ്ണുപൂര്‍ ജില്ലകളിലുണ്ടായത്. പലയിടങ്ങളിലും മുന്നൂറോളം വരുന്ന അക്രമി സംഘം സുരക്ഷസേനയെ നേരിടുകയായിരുന്നുു.  ദ്രുത കര്‍മ്മസേന റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ച്  അക്രമി സംഘങ്ങളെ തുരത്തി. ബിജെപി സംസ്ഥാന അധ്യക്ഷ ശാരദ ദേവിയുടെയും എംഎല്‍എ വിശ്വജിത്ത് സിംഗിന്‍റെയും വസതികള്‍ കത്തിക്കാന്‍ ശ്രമം നടന്നു. അക്രമികള്‍ സൈനിക, പോലീസ് യൂണിഫോമില്‍ വെടിവെയ്പ് നടത്തിയേക്കാമെന്ന മുന്നറിയിപ്പ് ഐ ബി സംസ്ഥാന പൊലീസിന് കൈമാറി. ഉൾനാടന്‍ ഗ്രാമങ്ങളിലെ തയ്യല്‍ക്കാരെ സമീപിച്ച് യൂണിഫോം തയ്യാറാക്കുന്നുവെന്നാണ് വിവരം.

സൈന്യത്തിന്‍റെയും ആയുധശേഖരവും അക്രമികള്‍ കൊള്ളയടിക്കുന്നുണ്ട്. വെടിക്കോപ്പുകളടക്കം അഞ്ച് ലക്ഷത്തോളം ആയുധങ്ങള്‍ ഇതുവരെ നഷ്ടപ്പെട്ടതായാണ്  വിവരം. ഇതിന്‍റെ നാലിലൊന്ന് പോലും വീണ്ടെടുക്കാനായിട്ടില്ല. അടിയന്തര ഇടപെടല്‍ തേടിയാണ് പ്രധാനമന്ത്രിയെ കാണാന്‍ സംസ്ഥാനത്ത് നിന്നുള്ള പത്തംഗം പ്രതിനിധി സംഘം ദില്ലിയിലെത്തിയത്. മൂന്ന് ദിവസമായിട്ടും ഇവരെ കാണാനോ സമാധാനാഹ്വാനത്തിനോ പ്രധാനമന്ത്രി തയ്യാറായിട്ടില്ല.

കലാപം കത്തിപടരുമ്പോള്‍ എന്‍ഡിഎയിലും അമര്‍ഷം പുകയുകയാണ്. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം ബിജെപി കേന്ദ്ര നേതൃത്വം കണ്ടില്ലെന്ന് നടിക്കുമ്പോള്‍ ,സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് പ്രധാന ഘടകകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി.നിശബ്ദകാഴ്ചക്കാരാകാന്‍ കഴിയില്ലെന്നും ജനങ്ങളെ സംരക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്നും എന്‍പിപി വ്യക്തമാക്കുന്നു. ബിജെപി കഴിഞ്ഞാല്‍ 7 അംഗങ്ങളുള്ള എന്‍പിപിയാണ് എന്‍ഡിഎയിലെ രണ്ടാമത്തെ കക്ഷി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe