പാലക്കാട്: ‘ഒന്നും ഉപേക്ഷിച്ചുപോകാൻ അയാൾക്കാവില്ല’…എന്ന് ഹിറ്റ്ലര്‍ സിനിമയിൽ മമ്മൂട്ടിയെക്കുറിച്ചു പറയുന്നതുപോലെയാണ് ഫുഡ് വ്ളോഗര്‍ ഫിറോസ് ചുട്ടിപ്പാറയുടെ കാര്യം. ഉടുമ്പ് ബാര്‍ബിക്യൂവും വറുത്തരച്ച പാമ്പ് കറി തുടങ്ങിയ വ്യത്യസ്ത വിഭവങ്ങളുമായി ഭക്ഷണപ്രേമികളെ ഞെട്ടിച്ച ചുട്ടിപ്പാറ അടുത്തിടെ യുട്യൂബ് ചാനൽ നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ആരാധകര്‍ നിരാശയോടെയാണ് ഇതിനോട് പ്രതികരിച്ചത്. എന്നാൽ ആഴ്ചകൾക്ക് മുൻപ് ഒരു ഫുൾ ഒട്ടകത്തെ ഗ്രിൽ ചെയ്യുന്ന വീഡിയോ അദ്ദേഹം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ 250 വിഭവങ്ങളുമായി ഓണസദ്യ ഒരുക്കി ഞെട്ടിച്ചിരിക്കുകയാണ് ചുട്ടിപ്പാറ.
സാമ്പാര്‍, അവിയൽ, പച്ചടി, കിച്ചടി തുടങ്ങി പരമ്പരാഗത ഓണവിഭവങ്ങൾ മാത്രമല്ല, പച്ചപ്പട്ടാണി തോരന്‍, കുമ്പളങ്ങാ തോരൻ, ചീര തീയൽ തുടങ്ങി വ്യത്യസ്ത വിഭവങ്ങളുമുണ്ട്. തോരനും തിയലും തന്നെ പല വിധത്തിലുണ്ട്. സോയാബീൻ മസാല, വിവിധ തരത്തിലുള്ള കൂട്ട് കറി തുടങ്ങി ഒരു വലിയ വാഴയിലയിൽ നിറയെ കറികളാണ്. പരിപ്പ് രസം, വെളുത്തുള്ളി രസം …അങ്ങനെ ഇതുവരെ കേൾക്കാത്ത രസങ്ങൾ ഗ്ലാസുകളിൽ നിറച്ചുവച്ചിരിക്കുന്നു. സാമ്പാറും പല തരത്തിലുണ്ട്. 9.02 മില്യൺ സബ്സ്ക്രൈബേഴ്സ് ഉള്ള ‘വില്ലേജ് ഫുഡ് ചാനൽ’ എന്ന സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.