കാന്താര 2 വിന് കേരളത്തിൽ വിലക്ക്, സിനിമ സംസ്ഥാനത്ത് പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക്

news image
Sep 10, 2025, 7:10 am GMT+0000 payyolionline.in

കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിന് കേരളത്തിൽ വിലക്ക്. സിനിമ സംസ്ഥാനത്ത് പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക്. സിനിമയുടെ ആദ്യ രണ്ട് ദിവസത്തെ കളക്ഷനിൽ 55 % ആവശ്യപ്പെട്ടതിനെ തുടർന്നാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് സിനിമ കേരളത്തിൽ വിലക്കിയിരിക്കുന്നത്. നിലപാടിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ സിനിമ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നതാണ് ഫിയോക്കിന്റെ തീരുമാനം. ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

അതേസമയം, 2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. ശേഷം കാന്താരയുടെ പ്രീക്വലായ കാന്താര ചാപ്റ്റർ 1 മൂന്ന് വർഷത്തിന് ശേഷം ഒക്ടോബർ 2 ന് തിയേറ്ററുകളിൽ എത്തുകയാണ്.

കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍. ഏറെ പ്രതീക്ഷയോടെയാണ് കാന്താര: ചാപ്റ്റര്‍ 1-നായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്. 150 കോടി ബഡ്ജറ്റിലാണ് കാന്താര ചാപ്റ്റർ 1 ഒരുങ്ങുന്നത്. മലയാളത്തിന്റെ ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആദ്യഭാഗത്തിൽ നിന്ന് വ്യത്യസ്തമായി വമ്പൻ ക്യാൻവാസിൽ ഗംഭീര ആക്ഷൻ രംഗങ്ങൾ ചേർത്താകും സിനിമ ഒരുക്കുക എന്ന റിപ്പോർട്ടുകളുമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe