പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി കീഴൂർ ചൊവ്വ വയലിനു സമീപമുള്ള ഇലഞ്ഞികുളങ്ങരയിലെ പിലാത്തറമേളം ആസ്വാദകർക്ക് നവ്യാനുഭവമായി. ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച വാതിൽ കാപ്പവരുടെ ആറാട്ട് എഴുന്നള്ളത്ത് ഇലഞ്ഞിക്കുളങ്ങരയിലെ പിലാത്തറയിൽ എത്തിയശേഷം ഭഗവാൻറെ തിടമ്പ് പിലാത്തറ പീഠത്തിൽ ഇറക്കിവെച്ച ശേഷമാണ് ആരംഭിച്ചത്. രാത്രി 9 മണിക്ക് മുഖ്യ മേളപ്രമാണി തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാരുടെ നേതൃത്വത്തിൽ അമ്പതിൽപരം വാദ്യകലാകാരന്മാർ മേളത്തിൽ പങ്കാളികളായി.
കലാമണ്ഡലം ശിവദാസന്മാരാർ, മേള പ്രമാണിയായി. ചെമ്പട കൊട്ടി പതികാലത്തിൽ തുടങ്ങി അഞ്ച് കാലങ്ങളും പൂർത്തിയാക്കി മേളം പര്യവസാനിക്കുമ്പോൾ സമയം 10.30 ആയിരുന്നു. ഇലഞ്ഞിക്കുളങ്ങരയിലെ ആലിൻ ചുവട്ടിൽ തടിച്ചുകൂടിയ മേളം ആസ്വാദകർ ആകാശത്തിൽ താളമിട്ടു ആർപ്പുവിളികളുമായി വാദ്യക്കാരെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. 10.30ന് മേളം അവസാനിക്കുമ്പോൾ കീഴൂർ ചൊവ്വയലിൽ രണ്ടാമത്തെ വെടിക്കെട്ട് ആരംഭിച്ചിരുന്നു. പിലാത്തറമേളം ആസ്വദിക്കാൻ നാടിൻറെ നാനാഭാഗത്തുനിന്നും നൂറുകണക്കിന് മേള പ്രേമികൾ എത്തിയിരുന്നു.