പയ്യോളി: കുടുംബശ്രീയെ തകർക്കാനുള്ള ഗൂഢശ്രമത്തെ തിരിച്ചറിയെണമെന്ന് തിക്കോടി പഞ്ചായത്ത് കുടുംബശ്രീ എ.ഡി.എസ് വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് കേരള സംസ്ഥാന വനിതാ വികസന കോർപറേഷനിൽ നിന്ന് 2,41,10,000 (രണ്ട് കോടി 41 ലക്ഷത്തി പത്തായിരം രൂപ) വായ്പയെടുത്ത് സി.ഡി.എസിലെ 39 അയൽകൂട്ടങ്ങൾക്കായി വായ്പ നൽകിയിട്ടുള്ളതാണ്. 15-ാം
വാർഡിലെ ഡയമണ്ട് അയൽക്കൂട്ടം
വനിതാ വികസന കോർപറേഷൻ്റെ മൈക്രോ ക്രെഡിറ്റ് വായ്പക്കുള്ള അപേക്ഷയും അയൽകൂട്ടത്തിലെ എല്ലാ അംഗങ്ങളുടെയും പ്രൂഫ് സഹിതം സി.ഡി.എസ് ഓഫീസിൽ സമർപ്പിക്കുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് ഡയമണ്ട് കുടുംബശ്രീക്ക് വനിതാവികസന കോർപറേഷനിൽ നിന്ന് 10 ലക്ഷം രൂപ വായ്പ അനുവദിക്കുന്നതിന് എഗ്രിമെൻ്റ് വെക്കുകയും തുടർന്ന് അയൽക്കൂട്ടം പ്രസിഡൻ്റ്, സെക്രട്ടറി എന്നിവർ ഒപ്പുവെക്കുകയും രേഖകൾ സമർപ്പിക്കുകയും ചെയ്ത ശേഷം ഡയമണ്ട് കുടുംബശ്രീക്ക് വനിതാ വികസന കോർപറേഷനിൽ നിന്ന് വായ്പാ അനുവദിച്ചത്.
ലോൺ പാസ്സായ ശേഷം സി.ഡി.എസ് അക്കൗണ്ടിൽ നിന്ന് ഡയമണ്ട് കുടുംബശ്രീക്ക് 10 ലക്ഷം രൂപയുടെ ചെക്ക് നൽകുകയും ചെയ്തിട്ടുള്ളതാണ്. വ്യാജ ഒപ്പിട്ട് നൽകിയാണ് ലോൺ അനുവദിച്ചതെന്നുള്ള വാർത്ത അടിസ്ഥാനരഹിതമാണണെന്നും
സി.ഡി.എസ് ചെയർപേഴ്‌സണോ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനോ, പഞ്ചായത്ത് പ്രസിഡൻ്റോ ഈ വിഷയത്തിൽ ആരെയും കബളിപ്പിച്ചിട്ടില്ലെന്നും ഒത്തുതീർപ്പിന് വേണ്ടി ആരെയും സമീപിച്ചിട്ടില്ലെന്നും ഭാരവാഹികൾ അറിയിച്ചു. തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് , ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ആർ. വിശ്വൻ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ബിജു കളത്തിൽ, സി.ഡി.എസ് ചെയർപേഴ്സൺ പി.കെ പുഷ്പ, സി.ഡി.എസ് മെമ്പർ ദീപ കാരിപ്പള്ളി വാർത്താസമ്മേളത്തിൽ പങ്കെടുത്തു.