കൂട്ടിലങ്ങാടി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവതി മരിച്ചു; മൃതദേഹം കണ്ടെത്തിയത് അര കിലോമീറ്ററോളം ദൂരെ

news image
Aug 30, 2025, 11:24 am GMT+0000 payyolionline.in

മലപ്പുറം: മലപ്പുറം – പെരിന്തല്‍മണ്ണ റോഡില്‍ കൂട്ടിലങ്ങാടി പാലത്തില്‍ നിന്നും കടലുണ്ടി പുഴയിലേക്ക് ചാടിയ യുവതി മരിച്ചു. മുണ്ടുപറമ്പ ഡിപിഒ റോഡില്‍ താമസിക്കുന്ന മധുവിന്റെ മകള്‍ ദേവനന്ദയാണ് മരിച്ചത്. 21 വയസായിരുന്നു പ്രായം. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. കൂട്ടിലങ്ങാടി പാലത്തിൽ നിന്ന് അര കിലോമീറ്ററോളം ദൂരെയാണിത്. യുവതി പുഴയിലേക്ക് ചാടിയതറിഞ്ഞ് സ്ഥലത്തെത്തിയ മലപ്പുറം പൊലീസും ഫയര്‍ഫോഴ്സ്, വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് സ്വദേശികളാണ് ദേവനന്ദയും കുടുംബവും. യുവതിയുടെ പിതാവ് മലപ്പുറത്തെ മഹേന്ദ്രപുരി ബാറിലെ ജീവനക്കാരനാണ്. മലപ്പുറത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം. വീട്ടുകാരുമായി പിണങ്ങി ഇന്നലെ വൈകുന്നേരമാണ് പെൺകുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപോയത്. രാത്രി 8 മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. ഇതുവഴി പോയ ബൈക്ക് യാത്രികർ യുവതി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുന്നത് കണ്ടു. തുടർന്ന് ഇവർ വിവരം പൊലീസിനെയും നാട്ടുകാരെയും അഗ്നിരക്ഷാ സേനയെയും അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി മുതല്‍ തന്നെ പുഴയില്‍ തെരച്ചിൽ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ തെരച്ചിൽ പുനരാരംഭിച്ചു. രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പാലത്തില്‍ നിന്ന് 500 മീറ്റര്‍ അകലെ പുഴയുടെ അരികില്‍ കുറ്റിച്ചെടിയില്‍ തടഞ്ഞു നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. പോസ്റ്റുമോര്‍ട്ടത്തിനും ഇൻക്വസ്റ്റ് നടപടികൾക്കുമായി മൃതദേഹം മലപ്പുറം താലൂക്ക് ആശപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe