കൊയിലാണ്ടി: കൊയിലാണ്ടി ഗുരുദേവകോളെജിൽ പ്രിൻസിപ്പാളെയും അദ്ധ്യാപകനെയും ഒരു സംഘം എസ്.എഫ്.ഐ ക്കാർ മർദിച്ചതായി പരാതി. എസ്.എഫ്.ഐ നേതാവിനെ പ്രിൻസിപ്പാൾ മർദിച്ചതായും പരാതി. മർദനമേറ്റ പ്രിൻസിപ്പാൾ ഡോ.സുനിൽ കുമാറിനെയും, ഏരിയാ പ്രസിഡണ്ട് ബി ആർ അഭിനവിനെയും, അദ്ധ്യാപകൻ രമേശനെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിരുദ പ്രവേശനത്തിൻ്റെ ഭാഗമായി എസ്.എഫ്.ഐ.പ്രവർത്തകർ ഹൽപ്പ് ഡെസ്ക് വെക്കുന്നതുമായുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. എസ്.എഫ്.ഐ.പ്രവർത്തകരുമായി വാക്കേറ്റമുണ്ടാവുകയും ഇതിനിടയിൽ പ്രിൻസിപ്പാളെ കൈയ്യേറ്റം ചെയുകയായിരുന്നു എന്നാണ് പറയുന്നത്. പരുക്കേറ്റ പ്രിൻസിപ്പാളെ ആശുപത്രിയിലെക്ക് കൊണ്ടുപോവാൻ വിദ്യാർത്ഥികൾ അനുവദിക്കാതിരുന്നപ്പോൾ മറ്റു അദ്ധ്യാപകർ എത്തിയാണ് പ്രിന്സിപ്പാളെ ആശുപത്രിയിൽ എത്തിച്ചത്.
ഇതിനിടയിലാണ് അദ്ധ്യാപകനായ രമേശന് പരുക്കേറ്റത്. എന്നാൽ പ്രിൻസിപ്പാൾഎസ്.എഫ്.ഐ.ഏരിയാ പ്രസിഡണ്ടിനെ മർദ്ദിക്കുകയായിരുന്നു എന്ന് എസ്.എഫ്.ഐ.പ്രവർത്തകർ പറഞ്ഞു. പരുക്കേറ്റ ബി.ആർ.അഭിനവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മെഡിക്കൽ കോളെജിലെക്ക് റഫർ ചെയ്തു.