കൊയിലാണ്ടി: കൊല്ലം ചിറ നവീകരണത്തിന്റെ രണ്ടാംഘട്ട പ്രവൃത്തി ഉദ്ഘാടനം നടന്നിട്ട് രണ്ട് മാസം പിന്നിട്ടിട്ടും നിർമാണം തുടങ്ങിയില്ല. ടൂറിസം വകുപ്പിന്റെ നാല് കോടി രൂപയുടെ പദ്ധതിയാണ് നിലവിൽ കടലാസിൽ ഒതുങ്ങിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപായി ടൂറിസം മന്ത്രി ഉദ്ഘാടനം നിർവഹിച്ച പ്രവൃത്തിയാണ് യാതൊരു നടപടിയും കൂടാതെ ഇഴഞ്ഞുനീങ്ങുന്നത്.
ഏകദേശം 890 മീറ്റർ ചുറ്റളവുള്ള ചിറയുടെ സമഗ്ര സൗന്ദര്യവത്കരണവും അടിസ്ഥാനസൗകര്യവികസനവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ചുറ്റുമതിൽ നിർമാണം, നടപ്പാത നിർമാണം, റെയിൻ ഷെൽട്ടറുകൾ സ്ഥാപിക്കൽ, ലാൻഡ്സ്കേപ്പിങ്, അലങ്കാര ലൈറ്റുകൾ, ഓപ്പൺ ജിം, കുട്ടികളുടെ കളിയുപകരണങ്ങൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സർക്കാരിന്റെ സഹസ്രസരോവരം പദ്ധതിയിൽ ഉൾപ്പെടുത്തി 3.26 കോടി രൂപ ചെലവിൽ നേരത്തെ ചിറയുടെ ഒന്നാംഘട്ട നവീകരണം പൂർത്തിയായിരുന്നു. എന്നാൽ, സമീപകാലത്തായി ചിറ മലിനപ്പെട്ടത് വലിയ തോതിൽ ആശങ്കയുണ്ടാക്കിയിരുന്നു. ശബരിമല തീർഥാടനകാലത്ത് സംസ്ഥാനത്തിനു പുറത്തുനിന്നുൾപ്പെടെ എത്തുന്ന ആയിരക്കണക്കിന് അയ്യപ്പഭക്തർ ആശ്രയിക്കുന്ന പ്രധാന ഇടത്താവളമെന്ന നിലയിൽ, ചിറയിലെ ജലം മലിനമായത് തീർഥാടകർക്കും പ്രദേശവാസികൾക്കും വലിയ ദുരിതമാണ് സമ്മാനിച്ചത്.
മഴക്കാലം ആരംഭിക്കുന്നതോടെ നിർമാണപ്രവൃത്തികൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ പദ്ധതി അനിശ്ചിതമായി നീളാൻ ഇടയുണ്ട്. ഇത് നിർമാണസാമഗ്രികളുടെ വില വർധനവ് ഉൾപ്പെടെയുള്ള സാങ്കേതിക തടസ്സങ്ങൾക്കും എസ്റ്റിമേറ്റ് പുതുക്കുന്നതുപോലുള്ള പ്രതിസന്ധികൾക്കും വഴിവെച്ചേക്കാം. ചിറയുടെ നിർമാണപ്രവൃത്തികൾ ഉടൻ ആരംഭിക്കണമെന്നും, വെള്ളം മലിനപ്പെടാതിരിക്കാൻ ശാസ്ത്രീയമായ സംരക്ഷണനടപടികൾ സ്വീകരിക്കണമെന്നും പിഷാരിക്കാവ് ക്ഷേത്രക്ഷേമസമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് വി.വി. ബാലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി വി.വി. സുധാകരൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
