വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ഭാരവാഹി തെരഞ്ഞെടുപ്പും കുടുംബസംഗമവും

news image
Jun 30, 2026, 8:14 am GMT+0000 payyolionline.in

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് പ്രസിഡന്റായി ജിഷ പുതിയേടത്തിനെ തെരഞ്ഞെടുത്തു. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഈ പദവിയിലേക്ക് ഒരു വനിത കടന്നുവരുന്നത്. കൊയിലാണ്ടി ഇ.എം.എസ് ടൗൺ ഹാളിൽ വെച്ചു നടന്ന വ്യാപാരി കുടുംബസംഗമത്തോടനുബന്ധിച്ചുള്ള ജനറൽ ബോഡി യോഗത്തിലാണ് 2026-28 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്. കെ.പി. മുഹമ്മദ് അലിയെ ജനറൽ സെക്രട്ടറിയായും കെ.പി. ശ്രീധരനെ ട്രഷററായും യോഗം തെരഞ്ഞെടുത്തു. പി.കെ. കബീർ സലാലയാണ് മുഖ്യ രക്ഷാധികാരി. വി.പി. ബഷീറിനെ വർക്കിംഗ് പ്രസിഡന്റായും ഷറഫുദ്ദീൻ, എം. ശശീന്ദ്രൻ, കെ. ചന്ദ്രൻ, എ.വി. ശശി, ജിതേഷ്, രാമദാസ് ഉണ്ണി എന്നിവരെ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു. ഗിരീഷ്, സജേഷ്, പ്രിയ, ഷംസീർ, പ്രദീപൻ, സന്തോഷ് എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ.

വ്യാപാരി കുടുംബസംഗമവും ഭരണസമിതി തെരഞ്ഞെടുപ്പും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ്.എസ്. മനോജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.പി. ശ്രീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷാധികാരി പി.കെ. കബീർ സലാല സ്വാഗതം ആശംസിച്ചു. കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ വിജേഷ് മുഖ്യതിഥിയായിരുന്നു. KVVES ജില്ലാ സെക്രട്ടറി സി.വി. സുധാകരൻ, സംസ്ഥാന ട്രഷറർ നാസറുദ്ദീൻ, കൊയിലാണ്ടി തണൽ ട്രഷറർ ടി.പി. ബഷീർ, കൗൺസിലർമാരായ കെ.എം. ഷമീം, നിഷ ആനന്ദ്, സി.കെ. ജയദേവൻ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.

കൊയിലാണ്ടിയിലെ വ്യാപാരികളുടെയും ചുമട്ടുതൊഴിലാളികളുടെയും മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് മൊമെന്റോയും ക്യാഷ് അവാർഡും നൽകി. വ്യാപാര മേഖലയിലെ മുതിർന്ന വ്യാപാരികളെ ആദരിക്കുകയും, വിവിധ സ്ഥാപനങ്ങളിൽ ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന തൊഴിലാളികൾക്ക് ധനസഹായം കൈമാറുകയും ചെയ്തു. കച്ചവടത്തിനിടെ രോഗബാധിതരായി കിടപ്പിലായ വ്യാപാരികൾക്കുള്ള ചികിത്സാ ധനസഹായവും പത്ത് പാലിയേറ്റീവ് കെയർ രോഗികൾക്കുള്ള പ്രത്യേക കിറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. മുതിർന്ന മാധ്യമപ്രവർത്തകരായ ഗിരീഷ് കുമാർ, രവി മാസ്റ്റർ എന്നിവരെയും സി.ഐ.ടി.യു ചുമട്ടുതൊഴിലാളി യൂണിയൻ നേതാവ് ടി.എം. അശോകനെയും ക്യാഷ് അവാർഡും മൊമെന്റോയും നൽകി ആദരിച്ചു.

കൊയിലാണ്ടിയിലെ വ്യാപാരികൾ നേരിടുന്ന വിവിധ പ്രതിസന്ധികൾ ചർച്ച ചെയ്ത യോഗത്തിൽ പ്രധാന പ്രമേയങ്ങൾ അവതരിപ്പിച്ചു. കൊയിലാണ്ടി മേൽപ്പാലം നിർമ്മാണത്തോടെ വഴിയാധാരമാക്കപ്പെട്ട വ്യാപാരികളെ അടിയന്തരമായി പുനരധിവസിപ്പിക്കുക, നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിൽ നിന്ന് വ്യാപാരികളെ സംരക്ഷിക്കുക, അനധികൃത തെരുവോര കച്ചവടക്കാരിൽ നിന്നും വ്യാപാരികൾക്ക് സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ പ്രമേയങ്ങളാണ് യോഗം ഐകകണ്ഠ്യേന പാസാക്കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe