മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ നടത്തുന്നില്ലെന്ന് പരാതി; ബന്ധുക്കൾ റോഡ് ഉപരോധിച്ചു

news image
Aug 1, 2026, 5:39 am GMT+0000 payyolionline.in

വിഴിഞ്ഞം: തിരുവനന്തപുരം മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ നടത്തുന്നില്ലെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കുന്നു. സ്ത്രീകളടക്കം കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിലെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ തീരദേശറോഡിൽ വൻ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. കഴിഞ്ഞദിവസമാണ് വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശികളായ രണ്ടുപേരെ കാണാതായത്. നാലു മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. 28, 30 വയസുള്ള യുവാക്കളെയാണ് കാണാതായത്. നിലവിൽ പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയിരിക്കുകയാണ്.

രാത്രി 8.30ഓടെ ബോട്ടിലുണ്ടായിരുന്നവർ തങ്ങളെ വിളിച്ച് രണ്ടുപേരെ കാണാതായെന്ന് അറിയിച്ചു. എന്നാൽ സംഭവം നടന്നിട്ട് കോസ്റ്റൽ പൊലീസിന്റെ ഭാഗത്ത് നിന്നും സഹായമുണ്ടായില്ലെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. മുതലപ്പൊഴി കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം കനക്കുകയാണ്. എംഎൽഎ രമ്യാ ഹരിദാസ് പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. കാണാതായവരുടെ ബന്ധുക്കളടക്കം ആദ്യം തീരദേശ റോഡിലും തുടർന്ന് കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെത്തിയും പ്രതിഷേധം തുടരുകയാണ്.

രക്ഷാപ്രവർത്തനം വൈകുന്നുവെന്നാണ് നാട്ടുകാരും കുടുംബവും ആരോപിക്കുന്നത്. എന്നാൽ ശക്തമായ കടൽക്ഷോഭം മൂലം രക്ഷാപ്രവർത്തനം സാധ്യമല്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. പൊലീസ് സ്റ്റേഷനിലെത്തിയ പ്രതിഷേധക്കാരും ഉദ്യോഗസ്ഥരുമായി ഇതിനിടയിൽ വാക്കേറ്റം ഉണ്ടായി. മത്സ്യത്തൊഴിലാളികൾക്ക് രക്ഷാപ്രവർത്തനം നടത്താൻ കഴിയുമോ എന്ന് ഒരു ഉദ്യോഗസ്ഥൻ ചോദിച്ചതാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്. സഭയുടെ പ്രതിനിധികൾ നാട്ടുകാരെയും കുടുംബാംഗങ്ങളെയും അനുനയിപ്പിക്കാൻ ശ്രമം നടത്തുന്നുണ്ട്. പൊലീസുകാരും നാട്ടുകാരും കാണാതായവരുടെ കുടുംബാംഗങ്ങളും തമ്മിലാണ് വാക്കേറ്റമുണ്ടായത്.

കോസ്റ്റൽ പൊലീസിന്റെ ഒരു ബോട്ട് മുതലപ്പൊഴിയിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. എന്നാൽ അപകടം നടന്ന സ്ഥലത്തേക്ക് ബോട്ടിന് കടക്കാൻ കഴിയുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. വിഴിഞ്ഞത് നിന്നും ഒരു കപ്പൽ പ്രദേശത്തേക്ക് വന്നിട്ടുണ്ടെന്നാണ് അധികൃതർ പ്രതികരിച്ചത്. അതേസമയം വിഴിഞ്ഞത് വള്ളം മറിഞ്ഞ മറ്റൊരു മത്സ്യത്തൊഴിലാളിയെ കൂടി കാണാതായിട്ടുണ്ട്. വിഴിഞ്ഞം പുല്ലുവിള സ്വദേശി ജോണി മർത്യാസിനെ(55) യെയാണ് കാണാതായത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ജോണി ഉൾപ്പെടെ അഞ്ച് പേർ കടലിൽ പോയത്. രാത്രി ഒന്നരയോടെ ഉൾക്കടലിലാണ് അപകടമുണ്ടായത്. വള്ളത്തിൽ ഉണ്ടായിരുന്ന മറ്റു നാലുപേർ നീന്തി മറ്റ് വള്ളങ്ങളിൽ കയറി. ജോണിയെ ഇതുവരെ കണ്ടെത്താനായില്ല. കോസ്റ്റൽ പൊലീസ് തെരച്ചിൽ ആരംഭിച്ചതായി അറിയിച്ചിട്ടുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe