ഗവർണറുടെ ‘കടക്ക് പുറത്ത്’ ജനാധിപത്യവിരുദ്ധം, പദവിയുടെ മഹത്വം കളങ്കപ്പെടുത്തരുത്: വി ഡി സതീശന്‍

news image
Nov 7, 2022, 5:23 am GMT+0000 payyolionline.in

തിരുവനന്തപുരം: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തൻ്റെ പ്രതികരണം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും  മാധ്യമങ്ങളെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  ജയ്ഹിന്ദ് ടി.വിക്ക് പ്രതികരണം നൽകുന്ന സ്ഥലത്തേക്കുള്ള പ്രവേശനം പോലും നിഷേധിച്ചതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. മാധ്യമ പ്രവർത്തകരോട് കടക്ക് പുറത്തെന്ന് ആര് പറഞ്ഞാലും അത് ജനാധിപത്യവിരുദ്ധമാണ്. ഗവർണർ ഉൾപ്പെടെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ആ പദവിയുടെ മഹത്വം കളങ്കപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

ഏതാനും ദിവസങ്ങൾക്ക് മുൻപ് നടത്തിയ വാര്‍ത്താസമ്മേളനത്തിലും നാല് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഒരു വിഭാഗം മാധ്യമങ്ങളെ ഇറക്കിവിടുന്നതിലൂടെ വിവരം ജനങ്ങളിൽ എത്തിക്കുകയെന്നത് തടയുകയാണ് ഗവർണർ ചെയ്യുന്നത്. ഇത് ഒരിക്കലും ന്യായീകരിക്കാനാകില്ല. ഗവര്‍ണര്‍ പദവിയിൽ ഇരുന്നുകൊണ്ട് മാധ്യമങ്ങളോട് ഉള്‍പ്പെടെ ആരോടും വിവേചനപരമായി ഇടപെടുന്നതും ശരിയല്ല. മാധ്യമങ്ങളെ ഒഴിവാക്കുകയെന്നത് ഫാസിസ്റ്റ് ഭരണകൂട ശൈലിയാണ്.  ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മാത്രമല്ല മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണെന്നാണ് വിഡി സതീശൻ പ്രതികരിച്ചത്.

തന്റെ പ്രതികരണം എടുക്കാൻ വന്ന കൈരളി, മീഡിയ വൺ മാധ്യമപ്രവർത്തകരെയാണ് ​ഗവർണർ വിലക്കിയത്. ഈ മാധ്യമങ്ങളുടെ റിപ്പോർട്ടേഴ്സിനോട് വാർത്താ സമ്മേളനത്തിൽ നിന്ന് പുറത്തുപോകാനും ​ഗവർണർ ആവശ്യപ്പെട്ടു. ഗെറ്റ് ഔട്ട് ഫ്രം ഹിയർ എന്ന് പറഞ്ഞായിരുന്നു ഗവർണറുടെ മാധ്യമ വിലക്ക്. കേഡർ മാധ്യമങ്ങളെന്ന് പറഞ്ഞായിരുന്നു ഗവർണർ മാധ്യമ വിലക്ക് പ്രഖ്യാപിച്ചത്.

മീഡിയ വണ്ണും കൈരളി ചാനലും ഉണ്ടോ എന്നും ഉണ്ടെങ്കിൽ താൻ സംസാരിക്കാതെ പോകുമെന്നും ഗവർണർ പറഞ്ഞു. ഈ ചാനലുകളുടെ പ്രതിനിധികൾ ഉണ്ടെങ്കിൽ പുറത്തുപോകണമെന്ന് ആദ്യം പറഞ്ഞ ഗവർണർ പിന്നീട് പലവട്ടം ഗെറ്റ് ഔട്ട് ഫ്രം ഹിയർ പറഞ്ഞു. വസ്തുതാപരമല്ലാത്ത കാര്യങ്ങൾ ഉന്നയിച്ച് കൈരളി ചാനലും മീഡിയ വണ്ണും തനിക്കെതിരെ നിരന്തരമായി ക്യാംപെയ്ൻ ചെയ്യുകയാണെന്നായിരുന്നു ഗവർണറുടെ ആരോപണം.കഴിഞ്ഞ 25 ദിവസമായി ഇത് തുടരുകയാണ്. അതുകൊണ്ട് ആ മാധ്യമങ്ങളോട് എന്തുവന്നാലും സംസാരിക്കില്ലെന്നും ഗവർണർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe