മലപ്പുറം: തിരുരങ്ങാടിയിലെ വിവിധ ഹോട്ടലുകളിൽ ചിക്കൻ മന്തി എന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റ് മൃഗക്കൊഴുപ്പുകൾ ചേർത്ത് പാചകം ചെയ്ത് വിൽപ്പന നടത്തുന്നതായി നഗരസഭാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തൽ. രുചിക്കും തിക്ക്നെസിനും വേണ്ടി പ്രത്യേക ചേരുവകൾ ചേർക്കുന്നുണ്ടെങ്കിൽ അത് ഉപഭോക്താക്കളെ അറിയിക്കുന്ന ബോർഡുകൾ സ്ഥാപിക്കണമെന്ന നിയമം നിലനിൽക്കെയാണ് ഇത് ലംഘിച്ച് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന തരത്തിൽ മൃഗക്കൊഴുപ്പ് ചേർത്ത് മന്തി തയ്യാറാക്കുന്നത് കണ്ടെത്തിയത്. നഗരസഭാ സ്ക്വാഡ് പ്രദേശത്തെ വിവിധ ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ, മീൻ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ വ്യാപകമായ പരിശോധന നടത്തി. താലൂക്ക് ഓഫീസ് കാന്റീനിൽ നടത്തിയ പരിശോധനയിൽ സ്റ്റാളുകളിൽ നിന്ന് കൊണ്ടുവന്ന ചിക്കനിൽ നിന്ന് രക്തം കഴുകിക്കളയാതെ നേരിട്ട് മസാല പുരട്ടി വെച്ചതായി കണ്ടെത്തി. തുടർന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കാന്റീൻ തുറന്ന് പ്രവർത്തിക്കരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകുകയും നോട്ടീസ് നൽകുകയും ചെയ്തു.
മാർക്കറ്റ് റോഡിലെ സ്ഥാപനത്തിൽ നിന്ന് നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. താലൂക്ക് ആശുപത്രി കാന്റീൻ, ബ്ലോക്ക് ഓഫീസ് കാന്റീൻ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് തലേദിവസം പാചകം ചെയ്തതും പഴകിയതുമായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. നിയമലംഘനം നടത്തിയ മുഴുവൻ സ്ഥാപനങ്ങൾക്കും നഗരസഭ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. നഗരസഭ സെക്രട്ടറി എം.വി. റംസി ഇസ്മായിലിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ക്ലീൻ സിറ്റി മാനേജർ പ്രകാശ ൻ ടി.കെ., സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ മോഹൻദാസ്. എ, ഹെൽത്ത് ഇൻസ്പെക്ടർ മാരായ സ്മിത പി.പി., ശ്രീജി. എ സ്, വിജേഷ് കുമാർ. കെ. എന്നിവരും പങ്കെടുത്തു.
