ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ ശുപാർശ തള്ളി; പാതാള തവളയെ സംസ്ഥാന തവളയാക്കില്ല

news image
Jan 31, 2023, 1:57 pm GMT+0000 payyolionline.in

തിരുവനന്തപുരം: അപൂർവ്വയിനത്തിൽപ്പെട്ട പാതാള തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. സംസ്ഥാന വന്യജീവി ബോർഡ് യോഗമാണ് ശുപാർശ തള്ളിയത്. മുഖ്യമന്ത്രിയാണ് നിർദ്ദേശം തള്ളിയത്. ആരും കാണാത്ത തവളയെ സംസ്ഥാന തവളയാക്കി പ്രഖ്യാപികേണ്ടന്ന് മുഖ്യമന്ത്രി നിലപാട് സ്വീകരിക്കുകയായിരുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ശുപാർശ വച്ചത്.

പശ്ചിമഘട്ടത്തിൽ അപൂർവ്വമായി മാത്രം കാണുന്ന തവളയെ കേരളത്തിന്‍റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കണമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ശുപാർശ മുന്നോട്ടുവച്ചത്. ഇതിനെ പിഗ്നോസ് തവളയെന്നും, പന്നിമൂക്കൻ താവളയെന്നും ഒക്കെ വിളിക്കുന്നു. എന്നാല്‍, വന്യ ജീവി ബോർഡിൽ പോലും ആരും കാണാത്ത തവളയെ സംസ്ഥാന ജീവിയായി പ്രഖ്യാപിക്കേണ്ട നിലപാടായിരുന്നു മുഖ്യമന്ത്രിയുടേത്. ഇതേ തുടർന്നായിരുന്നു ഇക്കഴിഞ്ഞ 9ന് ചേർന്ന ബോർഡ് യോഗം ശുപാർശ തള്ളിയത്.

ദില്ലി സർവകലാശാല പ്രൊഫസറായ എസ്‍ഡി ബിജുവും, ബ്രസൽസ് ഫ്രീ യൂണിവേഴ്സിറ്റിയിലെ ഫ്രാങ്കി ബൊസ്യൂടുമാണ് 2003 -ൽ ഇടുക്കി ജില്ലയിൽ ഈ തവളയെ കണ്ടെത്തിയത്. ഇത് അപൂർവമായ ഇനമാണെന്ന് മാത്രമല്ല, അതുല്യമായ ഉഭയജീവികളിൽ ഒന്നാണെന്നും ബിജു പറയുന്നു. വർഷത്തിൽ 364 ദിവസവും ഭൂമിക്കടിയിൽ കഴിയുന്ന ഇത് പ്രജനനത്തിനായി മാത്രമാണ് ഒരുദിവസം വെളിയിൽ വരുന്നത്. അതിന്‍റെ ഈ പ്രത്യേകത കൊണ്ടുതന്നെ അതിനെ പാതാള തവളയെന്നും, മഹാബലി തവളയെന്നും വിളിക്കുന്നു.

കേരളത്തിലെ പശ്ചിമഘട്ടത്തിലാണ് ഇതിനെ കൂടുതലായും കാണപ്പെടുന്നത്. പർപ്പിൾ തവളയുടെ ശാസ്ത്രീയ നാമം ‘നാസികബട്രാകസ് സഹ്യാദ്രെൻസിസ്’ എന്നാണ്. വംശനാശ ഭീഷണി നേരിടുന്ന ഇതിനെ ഐ‌യു‌സി‌എൻ റെഡ് ലിസ്റ്റിൽ ഭീഷണി നേരിടുന്ന ഇനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  ചിതലും, മണ്ണിരയും, ചെറിയ പ്രാണികളുമാണ് അതിന്റെ ഭക്ഷണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe