ജിന്ന് മന്ത്രിച്ചൂതിയ പഴത്തിന്റെ പേരിൽ ആത്മീയ തട്ടിപ്പ്: വ്യാജ ചികിത്സാ കേന്ദ്രം നാട്ടുകാർ പൂട്ടിച്ചു

news image
Sep 10, 2026, 6:34 am GMT+0000 payyolionline.in

മലപ്പുറം: ജിന്ന് മന്ത്രിച്ചൂതിയ ഏത്തപ്പഴം കഴിച്ചാൽ അത്ഭുതം നടക്കുമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ വ്യാജ ആത്മീയ ചികിത്സാകേന്ദ്രം നാട്ടുകാരും യൂത്ത് ലീഗ് പ്രവർത്തകരും ചേർന്ന് പൂട്ടിച്ചു. മലപ്പുറം തിരുനാവായ കൊടക്കലിൽ മൂവാറ്റുപുഴ സ്വദേശി ജമാലുദ്ദീൻ നടത്തിയിരുന്ന ‘ജിന്ന് മഹ്ളറ’ എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. ജിന്ന് മന്ത്രിച്ചൂതിയതെന്ന് അവകാശപ്പെട്ട് ഒരു ഏത്തപ്പഴത്തിന് 2500 രൂപ വരെ വാങ്ങിയാണ് ഇവർ ലേലം വിളിച്ച് നൽകിയിരുന്നത്. തട്ടിപ്പിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നാട്ടുകാർ ഇടപെട്ടതും പോലീസിൽ പരാതി നൽകിയതും.

​ജിന്നിനെ വിളിച്ചുവരുത്തി രോഗശാന്തി നൽകുമെന്നും ഉപദ്രവങ്ങൾ ഒഴിപ്പിക്കുമെന്നും വിശ്വസിപ്പിച്ച് കേരളത്തിനകത്തുനിന്നും പുറത്തുനിന്നും എത്തിയ ആയിരക്കണക്കിന് ആളുകളിൽ നിന്നാണ് ഇവർ പണം തട്ടിയത്. ജിന്നായി വേഷമിട്ട ഒരാളെ നിർത്തി സ്പീക്കറിലൂടെ അറബിയും ഉറുദുവും സംസാരിപ്പിച്ചായിരുന്നു തട്ടിപ്പ്. തൊലി കളയാത്ത പഴം രണ്ടായി മുറിഞ്ഞിരിക്കുന്നത് അത്ഭുതമായി കാട്ടിയായിരുന്നു പ്രചാരണം. എന്നാൽ തൊലി കളയാതെ സൂചി ഉപയോഗിച്ചാണ് ഉള്ളിലെ പഴം രണ്ടു കഷ്ണങ്ങളാക്കുന്നതെന്ന് കണ്ടെത്തിയതോടെയാണ് നാട്ടുകാർ കേന്ദ്രം അടപ്പിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe