പയ്യോളി: ആവിക്കൽ റോഡിലെ സായ്‌വിന്റെ കാട്ടിൽ സ്ഥിതി ചെയ്യുന്ന ‘സുധ ഭവന’ ത്തിന്റെ ഗൃഹപ്രവേശന ചടങ്ങ് ഞായറാഴ്ച നടന്നു. നിർധന കുടുംബത്തിലെ അംഗമായ എസ്.കെ. സുധയ്ക്കായി, ജെ.സി.ഐ പയ്യോളിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹകരണത്തോടെ വീട് നിർമിച്ചാണ് ഗൃഹപ്രവേശം നടന്നത്.
അമ്മയും രണ്ട് കുട്ടികളും അടങ്ങുന്ന ഈ കുടുംബം ഇതിന് മുമ്പ് താൽക്കാലികമായി ടാർപ്പായ കൊണ്ട് നിർമ്മിച്ച ഒരു കൂരയിലായിരുന്നു താമസിച്ചത്. ആവരുടെ ദുരിതാവസ്ഥ കണ്ടിട്ടാണ് ജെ സി ഐ സഹായം മുന്നോട്ട് വച്ചത്. ഏകദേശം 11 ലക്ഷം ചിലവ് വരുന്ന പ്രൊജക്റ്റ്‌നെ സഹായിക്കാൻ വ്യക്തികളും സംഘടനകളും മുന്നോട്ട് വന്നു. അതോടെ ‘സുധ ഭവനം’ വീട് യാഥാർത്ഥ്യമായി.
ഗൃഹപ്രവേശനത്തോടനുബന്ധിച്ച് ആവിക്കൽ പ്രദേശം ഉത്സവാന്തരീക്ഷമായി മാറി. ഏകദേശം 800 ഓളം ആളുകൾക്ക് സദ്യ ഒരുക്കി. താക്കോൽ ദാനചടങ്ങിൽ ജെ.സി.ഐ പയ്യോളി പ്രസിഡന്റ് നിഷാന്ത് ഭാസുര അധ്യക്ഷ വഹിച്ചപ്പോൾ നിഷിൽ എം.സി. സ്വാഗതം പറഞ്ഞു.
സോൺ പ്രസിഡന്റ് രാകേഷ് നായർ താക്കോൽ ദാനം നിർവഹിച്ചു. ചടങ്ങിൽ മുൻസിപ്പൽ ചെയർമാൻ മുഖ്യാതിഥിയായി. പാസ്റ് പ്രസിഡന്റുമാരും, ജെസിഐ അംഗങ്ങളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. നാസർ എൻ.കെ.ടി നന്ദി പറഞ്ഞപ്പോൾ, പി.ഡി. അജ്മൽ മാടായി റിപ്പോർട്ട് അവതരിപ്പിച്ചു.