പയ്യന്നൂർ: ജ്യോതിഷാലയത്തിൽ കഞ്ചാവ് സൂക്ഷിച്ച ജ്യോത്സ്യനെ പോലീസ് പിടികൂടി. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ശ്രീനാഥ് പി. (40) ആണ് അറസ്റ്റിലായത്. ജ്യോതിഷാലയം പ്രവർത്തിക്കുന്ന കെട്ടിടത്തിന് താഴെയുള്ള മുറിയിലെ ചുവർ അലമാരയിൽ കവറിലാക്കി സൂക്ഷിച്ച നിലയിൽ 5.77 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ലഹരിവസ്തു പിടികൂടിയത്. ശാസ്ത്രീയ പരിശോധനയിലൂടെ ഇത് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാൾക്കെതിരെ എൻ.ഡി.പി.എസ്. നിയമപ്രകാരം കേസെടുത്തു. ലഹരിവേട്ടയ്ക്കായി നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.
’ഓപ്പറേഷൻ തൂഫാൻ’: സംസ്ഥാനത്ത് പരക്കെ അറസ്റ്റ്
ജൂൺ രണ്ടിന് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനകളിൽ ഇതുവരെ 368 പേർ അറസ്റ്റിലായിട്ടുണ്ട്. മയക്കുമരുന്ന് കൈവശം വെച്ചതുമായി ബന്ധപ്പെട്ട് 340 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പരിശോധനകളിൽ 16.7931 കിലോഗ്രാം കഞ്ചാവ്, 0.549 കിലോഗ്രാം എം.ഡി.എം.എ., 0.461 കിലോഗ്രാം ഹാഷിഷ് ഓയിൽ, 220 കഞ്ചാവ് ബീഡികൾ എന്നിവ പിടിച്ചെടുത്തു. വരും ദിവസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിലെ രാസലഹരി നിർമാണ ലാബുകളിലേക്കും പരിശോധന വ്യാപിപ്പിക്കും. അഞ്ച് സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും ഈ ഓപ്പറേഷന്റെ പരിധിയിൽ വരും. ലഹരിവേട്ട ശക്തമാക്കാൻ ഇ.ഡി., ഡി.ആർ.ഐ., കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ സഹായം തേടുമെന്നും ലഹരി വിപണന വിവരങ്ങൾ രഹസ്യമായി കൈമാറാൻ ഡിജിറ്റൽ സർവൈലൻസ് സംവിധാനം സജ്ജമാക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
അടിമാലിയിൽ കഞ്ചാവ് മിഠായികൾ പിടികൂടി
അതിനിടെ ഇടുക്കി അടിമാലിയിലെ ഒാൺലൈൻ ഡെലിവറി സ്ഥാപനത്തിൽ വിൽപ്പനയ്ക്കായി എത്തിച്ച 300 ഗ്രാം കഞ്ചാവ് മിഠായികൾ അടിമാലി എക്സൈസ് സംഘം പിടികൂടി. ഡെലിവറിക്കായി നൽകിയിരുന്ന മേൽവിലാസം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് മിഠായികൾ അയച്ചയാളെയും അത് സ്വീകരിക്കേണ്ടിയിരുന്നയാളെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ എക്സൈസ് സംഘം കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
