ഡ്രൈവിങ്‌ ടെസ്‌റ്റ്‌ കർശനമാക്കും, നഷ്ടത്തിലോടുന്ന കെഎസ്‌ആർടിസി  ട്രിപ്പുകൾ  നിർത്തലാക്കുമെന്ന്‌ മന്ത്രി കെ ബി ഗണേഷ്‌കുമാർ

news image
Jan 3, 2024, 1:12 pm GMT+0000 payyolionline.in

തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെഎസ്‌ആർടിസി  ട്രിപ്പുകൾ  നിർത്തലാക്കുമെന്ന്‌ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. നഷ്ടത്തിന്‌  കാരണം സമയക്രമമാണെങ്കിൽ അത്‌ പരിഹരിക്കും. ഇതിന്റെ ഭാഗമായി ഉൾനാടുകളിലേക്കുള്ള സർവീസ്‌ നിർത്തില്ല. പൊതുഗതാഗത രംഗം പരിഷ്‌കരിക്കും. അതിനുള്ള നടപടി ആരംഭിച്ചു. ട്രാഫിക്‌ നിയമലംഘനം കണ്ടെത്താൻ  എ ഐ കാമറ സംവിധാനം സ്ഥാപിച്ച വകയിൽ കെൽട്രോണിന്‌ നൽകാനുള്ള തുക നൽകും. ഇതുസംബന്ധിച്ച്‌ ധനവകുപ്പ്‌ സെക്രട്ടറിയുമായും മന്ത്രിയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയറ്റ്‌ അനക്‌സ്‌ ഒന്നിലെ ഓഫീസിലെത്തി മന്ത്രിയായി ചുമതലയേറ്റശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു ഗണേഷ്‌കുമാർ.

തിരുവനന്തപുരത്തെ വീട്ടിൽ വച്ച്‌ സന്ദർശകരെ കാണില്ല. അതേസമയം തിങ്കൾ മുതൽ വ്യാഴംവരെ മന്ത്രി ഓഫീസിൽ കാണും. എംപിമാർക്കും എംഎൽഎമാർക്കും എപ്പോൾ വേണമെങ്കിലും വന്നുകാണാം. കെഎസ്‌ആർടിസി ബസ്‌ സ്‌റ്റേഷനുകൾ ശുചീകരിക്കും. വനിതായാത്രക്കാരും മുലയൂട്ടുന്ന അമ്മമാർക്കും സുരക്ഷസൗകര്യം  പ്രത്യേകം ഒരുക്കുന്നതിനും ആലോചിക്കും. തൊഴിലാളി യൂണിയനുകളുമായി സഹകരിച്ചായിരിക്കും മുന്നോട്ടുപോകുക.  ചെയിൻ ബസ്‌ സർവീസുടെ സമയക്രമം  പുനഃപരിശോധിക്കും. കെടിഡിഎഫ്‌സിയുടെ കാര്യത്തിലും ചർച്ച നടക്കും.
ഡ്രൈവിങ്‌ ടെസ്‌റ്റ്‌ കർശനമാക്കുമെന്നും അനുവദിക്കുന്ന ഡ്രൈവിങ് ലൈസൻസുകളുടെ എണ്ണവും കുറയ്‌ക്കും.

ഡ്രൈവിങ്‌  പഠിപ്പിക്കുന്ന വാഹനങ്ങളിൽ കാമറ സ്ഥാപിക്കാൻ നിർദേശം നൽകും. ലൈസൻസുകൾ മോട്ടോർ വാഹന ഓഫീസുകളിൽനിന്ന്‌ വിതരണം ചെയ്യുന്നതിനെ കുറിച്ച്‌ ആലോചിക്കും. വ്യാഴാഴ്‌ച പമ്പ സന്ദർശിക്കും. മുഖ്യമന്ത്രി ആവശ്യപ്പെട്ടപ്രകാരമാണ്‌ സന്ദർശനം. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട്‌ കെഎസ്‌ആർടിസി സർവീസുകൾ സുഗമമാക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ട്രാൻസ്‌പോർട്ട്‌ കമീഷണർ, ഗതാഗതസെക്രട്ടറി, കെടിഡിഎഫ്‌സി എംഡി, കെഎസ്‌ആർടിസി ഉന്നതോദ്യോഗസ്ഥർ എന്നിവരുമായും  ചർച്ച നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe