ദില്ലി: പാകിസ്ഥാൻ ഇന്ത്യയ്ക്കു നേരെ ആക്രമണം ശ്രമം നടത്തിയെന്ന് ഇന്ത്യ സ്ഥിരീകരിച്ചു. ഇന്ത്യയിലെ പല നഗരങ്ങൾക്കു നേരെയും പാകിസ്ഥാന്റെ ഭാഗത്തു നിന്നും ആക്രമണ നീക്കം ഉണ്ടായി. എന്നാൽ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ നടത്തിയ ആക്രമണ ശ്രമം ഇന്ത്യ വേരോടെ പിഴുതെറിഞ്ഞു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണമാണ് ഇന്ത്യ ചെറുത്തത്. തുടർന്ന് ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു. പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനം തകർത്തുകൊണ്ടായിരുന്നു ഇന്ത്യയുടെ മറുപടി. ഇന്ത്യൻ സായുധ സേന പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളിൽ വ്യോമ പ്രതിരോധ റഡാറുകളെ തകർത്തു എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ആക്രമണ നീക്കം ഉണ്ടായത്.
ആക്രമണങ്ങൾക്ക് പിന്നാലെ ജനങ്ങൾ ആശങ്കയിലാണ്.പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും തരത്തിലുള്ള സംഘർഷം ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നതിനാൽ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കുകയും പൊതുസമ്മേളനങ്ങൾ നിയന്ത്രിക്കുകയും ചെയ്തു. പാകിസ്ഥാനുമായി 1,037 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജസ്ഥാനിൽ അതീവ ജാഗ്രതയിലാണ്. അതിർത്തി പൂർണ്ണമായും അടച്ചുപൂട്ടി. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനം കണ്ടാൽ അതിർത്തി സുരക്ഷാ സേനാംഗങ്ങൾക്ക് വെടിവയ്ക്കാനുള്ള ഉത്തരവ് നൽകിയിട്ടുണ്ട്.