കോഴിക്കോട്: ജില്ലയിൽ മലേറിയ (മലമ്പനി) റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. തിക്കോടിയിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
എന്താണ് മലമ്പനി?
പ്ലാസ്‌മോഡിയം വിഭാഗത്തിൽപ്പെട്ട ഒരു ഏകകോശ പരാദം (Parasite) വഴി പകരുന്ന രോഗമാണ് മലമ്പനി. രോഗബാധിതരായ വ്യക്തികളെ കടിച്ച ശേഷം ആരോഗ്യവതിയCheckായ പെൺ അനോഫിലിസ് (Anopheles) കൊതുകുകളാണ് ഈ രോഗം മറ്റുള്ളവരിലേക്ക് പകർത്തുന്നത്. കൃത്യമായ സമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ രോഗബാധ തലച്ചോറിനെ ബാധിക്കുന്ന ‘സെറിബ്രൽ മലേറിയ’ പോലുള്ള ഗുരുതരാവസ്ഥയിലേക്കും മരണത്തിലേക്കും നയിക്കാൻ സാധ്യതയുണ്ട്.
പ്രധാന രോഗലക്ഷണങ്ങൾ:
പനിയോടൊപ്പം അനുഭവപ്പെടുന്ന ശക്തമായ കുളിരും വിറയലും.
കഠിനമായ തലവേദനയും പേശിവേദനയും.
വിറയലോടെ തുടങ്ങി ശക്തമായ പനിയും കുളിരും ദിവസേനയോ, ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ, മൂന്ന് ദിവസം കൂടുമ്പോഴോ ആവർത്തിച്ചു വരുന്നത് മലമ്പനിയുടെ പ്രധാന ലക്ഷണമാണ്.
മനംപുരട്ടൽ, ഛർദ്ദി, ചുമ എന്നിവയും ഉണ്ടാകാം.
കഠിനമായ അവസ്ഥകളിൽ ത്വക്കിലും കണ്ണിലും മഞ്ഞനിറം (മഞ്ഞപ്പിത്തത്തിന് സമാനമായി) കാണപ്പെടാം.
ചിലരിൽ പനിയും കടുത്ത തലവേദനയും മാത്രമായും ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്.
പ്രതിരോധ മാർഗങ്ങൾ:
കൊതുകുകടി ഏൽക്കാതിരിക്കാൻ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുകയാണ് ഏറ്റവും പ്രധാനം. മലമ്പനി പരത്തുന്ന അനോഫിലിസ് കൊതുകുകൾ പ്രധാനമായും ശുദ്ധജലത്തിലാണ് മുട്ടയിട്ട് വളരുന്നത്. അതിനാൽ വീടിനകത്തും പരിസരങ്ങളിലും, നിർമ്മാണ സ്ഥലങ്ങളിലും യാതൊരു കാരണവശാലും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
