പയ്യോളി: നിർമ്മാണം പൂർത്തിയായ തിക്കോടി ആറുവരി പാതയിലെ വെള്ളക്കെട്ട് വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. തിക്കോടി എഫ് സി ഐ ഗോഡൗണിന് സമീപത്തായി റോഡിന്റെ കിഴക്ക് ഭാഗത്തുള്ള മൂന്നു വരി പാതയിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്. ഇരുവശത്തേക്ക് ഉള്ള വാഹനങ്ങൾ ഈ മൂന്നു വരി പാതയിലൂടെയാണ് ഇപ്പോൾ കടത്തിവിടുന്നത്.

നിർമ്മാണം പൂർത്തിയായ തിക്കോടി ആറുവരി പാതയിൽ വെള്ളക്കെട്ട് കാരണമുള്ള അപകട ഭീഷണി
പയ്യോളിയിലെയും കൊയിലാണ്ടി ഭാഗങ്ങളിലെയും ഗതാഗതക്കുരുക്കും റോഡ് തകർച്ചയും കഴിഞ്ഞു ആറുവരി പാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ അമിതവേഗതയിലാണ് ഇതുവഴി കടന്നു പോകുന്നത്. മൂന്നു വരിയായി പോകുന്ന പാതയിലെ പടിഞ്ഞാറ് ഭാഗത്താണ് വെള്ളം കെട്ടിക്കിടക്കുന്നത്. കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പോകുന്ന ഈ വഴി വെള്ളക്കെട്ട് കാരണം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളുടെ ട്രാക്കിലൂടെ ആണ് പോകുന്നത്.
ഇത് വലിയ രീതിയിൽ അപകട ഭീഷണി ഉയർത്തുന്നുണ്ട്.
നിലവിലെ റോഡിന്റെ നിർമ്മാണത്തിലെ അപാകതയാണ് ഈ പ്രശ്നത്തിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇരുചക്ര വാഹനങ്ങളിൽ പോകുന്ന യാത്രക്കാരാണ് ഈ പ്രശ്നം കാരണം കൂടുതൽ പ്രയാസപ്പെടുന്നത്. നിലവിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കാലതാമസം എടുക്കുമെങ്കിൽ ഇതു സംബന്ധമായ സൂചന ബോർഡുകൾ എങ്കിലും ഇരു ദിശയിലും ഉള്ള യാത്രക്കാർക്കായി സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നുണ്ട്.