തിക്കോടി: തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ ഇന്ന് ഹർത്താൽ. തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ ഇന്നലെ സംഭവിച്ച ദുരന്തത്തിൽ മരിച്ചവർക്കായി ആദരസൂചകമായാണ് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചത് . ദുരന്തത്തിൽപ്പെട്ടവർക്ക് ആദരസൂചകമായി കല്ലകത്ത് ബീച്ച് കൂട്ടായ്മ കറുത്ത കൊടി ബീച്ചിൽ ഉയർത്തി.
വയനാട് കൽപ്പറ്റ സ്വദേശികളായ അനീസ (35), വാണി (32), വിനീഷ് (40), ഫൈസൽ എന്നിവരാണ് ഇന്നലെ മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന ജിൻസി (27) രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. 26 പേരടങ്ങിയ സംഘമാണ് വിനോദ സഞ്ചാരത്തിനായി കല്ലകത്ത് ബീച്ചിൽ എത്തിയത്. ഇതിനിടെ അഞ്ച് പേർ കടലിൽ ഇറങ്ങുകയും, ഇതിൽ ഒരാൾ കൈവിട്ടപ്പോൾ മറ്റുള്ളവർ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു.
ഇതിൽ ജിൻസി മാത്രം രക്ഷപ്പെട്ടു. ഒഴുക്കിൽ പെട്ടവരെ മൽസ്യ തൊഴിലാളികളും നാട്ടുകാരും ചേർന്ന് കരയ്ക്കെത്തിച്ചെങ്കിലും നാല് പേരും മരണമടഞ്ഞു. കോസ്റ്റൽ പോലീസ് കടലിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.