പയ്യോളി: മഴ കനത്തതോടെ തിക്കോടി പഞ്ചായത്ത് ബസാറിൽ നിന്ന് കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ചിലേക്കുള്ള റോഡ് വെള്ളക്കെട്ടിൽ മുങ്ങിയത് കാരണം കാൽനടയാത്ര പോലും അസാധ്യമായി . പഞ്ചായത്ത് ബസാറിൽ നിന്ന് ദേശീയപാതയും കടന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് പോകാൻ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്ന റോഡാണ് പുഴക്ക് സമാനമായ രീതിയിൽ വെള്ളം കെട്ടിനിൽക്കുന്നത്.
അക്ഷയകേന്ദ്രം , തിക്കോടി സർവീസ് സഹകരണ ബാങ്ക് , നെഹ്റു സാംസ്കാരിക നിലയം , വിളപരിപാലനകേന്ദ്രം , മത്സ്യഭവൻ , വയോജന കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള വഴിയാണ് വെള്ളക്കെട്ടിൽ മുങ്ങിയിരിക്കുന്നത്. നിർമാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന ദേശീയപാതയിൽ നിന്നും വെള്ളം ബീച്ച് റോഡിലേക്കാണ് ഒഴുകിയെത്തുന്നത്. വെള്ളക്കെട്ട് കാരണം വിദ്യാർഥികളും യാത്രക്കാരുമടക്കം നൂറുകണക്കിന് പേരാണ് ദുരിതമനുഭവിക്കുന്നത്.