വടകര : ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണിയെ തുടർന്ന് നാടുവിട്ട ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശ് മടങ്ങിയെത്തിയതോടെ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ‘എംപോക്കറ്റ്’ എന്ന ലോൺ ആപ്പിൽ നിന്നാണ് വിഷ്ണു പണം കടമെടുത്തതെന്ന് പോലീസ് സ്ഥിരീകരിച്ചു. 10,000 രൂപ മാത്രം ലോൺ എടുത്ത വിഷ്ണു ഇതിനകം 22,000 രൂപ തിരിച്ചടച്ചിരുന്നു. എന്നാൽ, എടുത്ത തുകയുടെ ഇരട്ടിയിലധികം നൽകിയിട്ടും കൂടുതൽ പണം ആവശ്യപ്പെട്ട് ഉത്തരേന്ത്യൻ സംഘം ഭീഷണി തുടരുകയായിരുന്നു.
പണം നൽകാതെ വന്നതോടെ വിഷ്ണുവിന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു നൽകി മാനസികമായി തകർക്കാൻ സംഘം ശ്രമിച്ചു. ഇതോടൊപ്പം പ്രാദേശിക ബ്ലേഡ് മാഫിയയുടെ ഭീഷണിയും ഉണ്ടായതോടെയാണ് ഏപ്രിൽ 13-ന് യുവാവ് നാടുവിട്ടത്. മഡ്ഗാവ്, രത്നഗിരി, ഉഡുപ്പി എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ വിഷ്ണുവിന് വഴിയിൽ കണ്ട മലയാളികളാണ് ഭക്ഷണവും വെള്ളവും നൽകിയത്. ഇതിനിടെ ഉടുപ്പിയിൽ വെച്ച് വിഷ്ണുവിന്റെ മൊബൈൽ ഫോൺ മോഷണം പോവുകയും ചെയ്തു.
നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യവെ സഹയാത്രികന്റെ ഫോണിൽ നിന്ന് സഹോദരനെ വിളിച്ചതാണ് വിഷ്ണുവിനെ കണ്ടെത്താൻ സഹായിച്ചത്. നാട്ടിലേക്ക് വരാൻ ആദ്യം വിമുഖത കാണിച്ചെങ്കിലും കുടുംബത്തിന്റെ സാഹചര്യം കണക്കിലെടുത്ത് വിഷ്ണു മടങ്ങിയെത്തുകയായിരുന്നു. സംഭവത്തിൽ വിഷ്ണുവിന്റെ മൊഴി രേഖപ്പെടുത്തിയ പോലീസ്, ലോൺ ആപ്പ് കേന്ദ്രീകരിച്ചും ബ്ലേഡ് മാഫിയ സംഘങ്ങളെ കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോർഫ് ചെയ്ത സ്ക്രീൻഷോട്ടുകൾ അടക്കമുള്ള സൈബർ തെളിവുകളും പോലീസ് പരിശോധിക്കുന്നുണ്ട്.
