തീരദേശപാത; ഭൂമി വിട്ട് നൽകിയവർക്ക് തുച്ഛമായ നഷ്ടപരിഹാരമെന്ന് കോട്ടക്കൽ തീരദേശ റോഡ് കർമ്മസമിതി

news image
Nov 5, 2023, 2:51 pm GMT+0000 payyolionline.in

പയ്യോളി: തീരദേശപാതയ്ക്കായി ഭൂമി വിട്ട് നൽകിയവർക്ക് തുച്ഛമായ നഷ്ടപരിഹാരമാണ് അനുവദിച്ചിട്ടുള്ളതെന്ന് കോട്ടക്കൽ തീരദേശ റോഡ് കർമ്മസമിതി ഭാരവാഹികൾ പത്ര സമ്മേളനത്തിലറിയിച്ചു. റോഡിന്റെ ഭാഗമായി കൊയിലാണ്ടി – വടകര താലൂക്കുകളെ തമ്മിൽ ബന്ധിപ്പിക്കാൻ നിർമിക്കുന്ന കുഞ്ഞാലി മരക്കാർ പാലം റീച്ചിൽ ഉൾപെട്ട സ്ഥല ഉടമകൾക്കാണ് ഇപ്പോൾ പണം അനുവദിച്ചത്. പാലം നിർമാണത്തിനായി 11 പേരുടെ സ്ഥലമാണ് വിട്ട് നൽകിയത്. സെന്റിന് 50,000 രൂപയാണ് നിശ്ചയിച്ചത്. രണ്ടര ലക്ഷം രൂപവരെ ഇവിടെ സ്ഥലത്തിനുണ്ട്.

 

എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളുമുള്ളതും വിനോദ സഞ്ചാര കേന്ദ്രവുമായ കോട്ടക്കൽ പ്രദേശത്തേക്ക് ദേശീയപാതയിൽ നിന്നും ഒന്നരകിലോമീറ്റർ ദൂരം മാത്രമെയുള്ളൂ. ദേശീയ പാതയുടെ മാതൃകയിൽ തീരദേശ പാതയ്ക്കുള്ള ഭൂമിക്കും വില നിർണയിക്കണം. ഭൂമി ഏറ്റെടുക്കുന്നത് വഴി ഉപയോഗ ശൂന്യമാകുന്ന ഭൂമിയും കൂടി ഏറ്റെടുക്കണം. പ്രത്യേകം പാക്കേജും പ്രഖ്യാപിക്കണം. 2013 ലെ ഭൂമി ഏറ്റെടുക്കൽ കേന്ദ്ര നിയമം ന്യായമായ നഷ്ടപരിഹാരവും സുതാര്യതയും ഉറപ്പ് വരുത്തുന്നു. കേരള സർക്കാരിന്റെ 2017 ലെ ഉത്തരവും അർഹമായ നഷ്ടപരിഹാരം പറയുന്നു. എന്നാൽ ഇതെല്ലാം ഇവിടെ ലംഘിക്കപ്പെട്ടു.
കുഞ്ഞാലിമരക്കാർ പാലത്തിന്റെ പേരിൽ കുഞ്ഞാലി മരക്കാരുടെ നാട്ടുകാർ വഞ്ചിക്കപ്പെട്ട അവസ്ഥയാണ് ഉള്ളതെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു. മറ്റ് റീച്ചുകളിലെ ഭൂവുടമകളും ആശങ്കയിലാണ്. ഇതിനെതിരെ മനുഷ്യചങ്ങല ഉൾപ്പടെയുള്ള സമരപരിപാടികൾക്ക് നേതൃത്വം നൽകും.
പത്രസമ്മേളനത്തിൽ ചെയർമാൻ ഉമാനാഥൻ, ജനറൽ കൺവീനർ ചെറിയാവി സുരേഷ് ബാബു, പി.വി. രാമകൃഷ്ണൻ, കെ.കെ. അശോകൻ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe