തേനീച്ചകൾ കുത്തി 14കാരി മരിച്ച സംഭവം; സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

news image
Nov 9, 2022, 5:04 pm GMT+0000 payyolionline.in

പാലക്കാട്: പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയിലുള്ള പൂളമരത്തിൽ കൂടു വച്ച തേനീച്ചകൾ കുത്തി 14 വയസുള്ള പെൺകുട്ടി മരിച്ച സംഭവത്തിൽ അവകാശികൾക്ക് സർക്കാർ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ചീഫ് സെക്രട്ടറിക്കാണ് ഉത്തരവ് നൽകിയത്.  മരം മുറിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന്  വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരം അവരിൽ നിന്ന് ഈടാക്കാമെന്ന് ഉത്തരവിൽ പറയുന്നു.

പാലക്കാട് ചിറ്റൂർ എരുത്തേമ്പതി വണ്ണാമട സ്വദേശി മുരുകേശന്റെ മകൾ ആർത്തിക്കാണ് 2020 ഏപ്രിൽ 25 ന് രാത്രി വീട്ടിൽ വച്ച് തേനീച്ചകളുടെ കുത്തേറ്റത്.  തേനീച്ച ശല്യം കാരണം പൂളമരം മുറിക്കണമെന്നാവശ്യപ്പെട്ട് മുരുകേശൻ 2018 മുതൽ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടും മുറിക്കാത്തതായിരുന്നു ദുരന്ത കാരണം. കമ്മീഷൻ കൊഴിഞ്ഞാംപാറ പൊതുമരാമത്ത് നിരത്തുകൾ വിഭാഗം അസിസ്റ്റന്‍റ് എഞ്ചിനീയറിൽ നിന്ന് റിപ്പോർട്ട് വാങ്ങി.

മരം മുറിക്കാൻ ലേല നടപടികൾ തുടങ്ങിയെങ്കിലും ആരും  ലേലം കൊണ്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. നാലാം തവണയാണ് ലേലം പോയതെന്നും റിപ്പോർട്ടിലുണ്ട്. മരം മുറിക്കാനുള്ള നടപടിക്രമങ്ങളുടെ നൂലാമാലകളും ഉദ്യോഗസ്ഥരുടെ മാനുഷികമൂല്യ ച്യുതിയും  കാരണമാണ് ഒരു പെൺകുട്ടിയുടെ വിലയേറിയ ജീവൻ നഷ്ടപ്പെട്ടതെന്ന് കെ ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ അവർ നിയമാനുസൃതം നടപടികൾ സ്വീകരിച്ചതായി കമ്മീഷൻ നിരീക്ഷിച്ചു.

എന്നാൽ, ഉദ്യോഗസ്ഥർ വിഷയത്തിന്റെ  ഗൗരവം ഉൾക്കൊണ്ടില്ല. പരാതിക്കാരൻ താമസിക്കുന്ന സ്ഥലത്ത് പൊതുമരാമത്ത് ഉദ്യോഗസ്ഥരാണ് താമസിക്കുന്നതെങ്കിൽ നടപടികൾ പെട്ടെന്ന് ഉണ്ടാകുമായിരുന്നില്ലേ എന്നും കമ്മീഷൻ ചോദിച്ചു. മനുഷ്യജീവൻ രക്ഷിക്കുന്നതിന് ഉദ്യോഗസ്ഥർ വിവേചനാധികാരം ഉപയോഗിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.  തേനീച്ച ശല്യത്തിന്റെ ഗൗരവം ഫോട്ടോ സഹിതം ഫയലിൽ ഉണ്ടായിരുന്നിട്ടും പൊതുമരാമത്ത് ഉദ്യോഗസ്ഥർ യഥാസമയം നടപടിയെടുത്തില്ല.

കേസിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും മനപൂർവ്വം വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് ചീഫ് സെക്രട്ടറി അന്വേഷിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.  ഉണ്ടെങ്കിൽ നഷ്ടപരിഹാരമായി നൽകുന്ന തുക അവരിൽ നിന്ന് ഈടാക്കാവുന്നതാണെന്ന് ഉത്തരവിൽ പറഞ്ഞു.  ഇക്കാര്യത്തിൽ ആവശ്യമായ അന്വേഷണം നടത്തണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.  വിലപ്പെട്ട മനുഷ്യജീവൻ പൊലിയാൻ സർക്കാർ സംവിധാനത്തിലെ സങ്കീർണ്ണതകൾ യാതൊരു കാരണവശാലും തടസ്സമാകരുതെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഇത്തരം സങ്കീർണ്ണമായ അവസരങ്ങളിൽ ഉദ്യോഗസ്ഥർക്ക് തീരുമാനമെടുക്കുന്നതിന് ഭാവിയിൽ എന്തു നടപടികൾ സ്വീകരിക്കാൻ കഴിയുമെന്ന് ചീഫ് സെക്രട്ടറി മൂന്ന് മാസത്തിനുള്ളിൽ വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe