നരോദ ഗാം കൂട്ടക്കൊലക്കേസിലെ പ്രതികളെ വെറുതെ വിട്ടു; കൂട്ടത്തിൽ ഗുജറാത്ത് മുൻ മന്ത്രിയും

news image
Apr 20, 2023, 12:55 pm GMT+0000 payyolionline.in

അഹമ്മദാബാദ്∙ ഗുജറാത്തിലെ നരോദ ഗ്രാം കൂട്ടക്കൊലക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു. അഹമ്മദാബാദ് പ്രത്യേക കോടതിയുടേതാണു തീരുമാനം. 2002ലെ ഗുജറാത്ത് കലാപത്തിനിടെ 11പേരാണ് നരോദ ഗാമിൽ കൊല്ലപ്പെട്ടത്. ഗുജറാത്ത് മന്ത്രിയായിരുന്ന മായ കോഡ്‌നാനി കേസിൽ പ്രതിയായിരുന്നു. ബജ്റംഗ് ദൾ നേതാവ് ബാബു ബജ്റംഗി ഉൾപ്പെടെ 86 പേരായിരുന്നു കേസിലെ പ്രതികൾ.

 

സംഭവം നടന്ന് എട്ട് വർഷത്തിനു ശേഷമാണ് കേസിൽ വിചാരണ ആരംഭിച്ചത്. ഇതിൽ വിചാരണ വേളയിൽ 18 പേര്‍ മരിച്ചു. ബാക്കിയുണ്ടായിരുന്ന 68 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. 13 വർഷത്തിനിടെ ആറു ജഡ്ജിമാരാണ് കേസിൽ വാദം കേട്ടത്. 187 സാക്ഷികളെയും 57 ദൃക്സാക്ഷികളെയും വിസ്തരിച്ചു.

മായ കോ‌ഡ്നാനിയുടെ നേതൃത്വത്തിലുള്ള അക്രമികൾ നരോദ ഗാമിൽ 11 പേരെ കൂട്ടക്കൊല ചെയ്തുവെന്നായിരുന്നു കേസ്. ഗൈനക്കോളജിസ്റ്റായ മായ കോഡ്നാനി വനിത-ശിശുക്ഷേമ മന്ത്രിയായിരിക്കെയാണ് ഗുജറാത്തില്‍ വംശഹത്യ അരങ്ങേറുന്നത്. ഈ കേസിൽ കോഡ്‌നാനിക്ക് അനുകൂലമായി നിലവിൽ കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷാ കോടതിയിൽ മൊഴി നൽകിയിരുന്നു. കലാപം നടന്ന ഫെബ്രുവരി 28നു രാവിലെ നിയമസഭയിലും പിന്നീട് സിവിൽ ആശുപത്രിയിലും അവരുടെ ഒപ്പമുണ്ടായിരുന്നതായും എന്നാൽ പിന്നീട് അവർ എങ്ങോട്ടുപോയെന്ന് അറിയില്ലെന്നുമായിരുന്നു ഷായുടെ മൊഴി.

നരോദ ഗാമിന് തൊട്ടടുത്ത പ്രദേശമായ നരോദപാട്യയിൽ അരങ്ങേറിയ കൂട്ടക്കൊലയിൽ മായ കോട്നാനിയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചെങ്കിലും പിന്നീട് കുറ്റവിമുക്തയാക്കിയിരുന്നു. ഗുജറാത്ത് കലാപത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ട കലാപമായിരുന്നു നരോദാപാട്യയിലേത്. 97 പേരെ കൂട്ടക്കൊല ചെയ്ത ഈ കേസിൽ മായ കോഡ്‌നാനിയെ ഗുജറാത്ത് ഹൈക്കോടതി സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് കുറ്റവിമുക്തയാക്കിയത്. 28 വർഷം ജീവപര്യന്തം തടവിനു ശിക്ഷിച്ച 2012ലെ പ്രത്യേക കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലിലായിരുന്നു വിധി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe