നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർ നൽകിയ സൂചന, 16 കൊല്ലങ്ങൾക്ക് ശേഷം വെളിച്ചപ്പാട് കൊലക്കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

news image
Apr 21, 2023, 2:17 pm GMT+0000 payyolionline.in

തൃശൂർ : മതിലകം കൂരിക്കുഴി വെളിച്ചപ്പാട് കൊലപാതകക്കേസിലെ അവസാനത്തെ പ്രതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. 16 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന കൂരിക്കുഴി ചിരട്ടപ്പുരക്കൽ കണ്ണൻ എന്ന ജിത്തി(43)നെയാണ് പൊലീസ് പിടികൂടിയത്. പതിനാറ് വർഷം ഒളിവിൽ കഴിഞ്ഞ പ്രതിയെയാണ് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ് എൻ.ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

2007 മാർച്ചിലാണ് കൊലപാതകം നടന്നത്. കോഴിപ്പറമ്പിൽ അമ്പലത്തിലെ ഉത്സവത്തിനിടയിൽ പ്രശ്നമുണ്ടാക്കിയ ജിത്ത് കണ്ണനെ ക്ഷേത്രത്തിലുണ്ടായിരുന്നവർ തടഞ്ഞുവെച്ചിരുന്നു. തുടർന്ന് ജിത്തിന്റെ കൂട്ടുകാരായ ഗുണ്ടകൾ മാരകായുധങ്ങളുമായി എത്തി ക്ഷേത്രത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അമ്പലത്തിലെ വെളിച്ചപ്പാടായ ഷൈനിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.

കേസിലെ നാല് പ്രതികളെ പൊലീസ് അടുത്ത ദിവസങ്ങളിൽ അറസ്റ്റ് ചെയ്തുവെങ്കിലും ജിത്ത്, ഗണപതി എന്നിവർ ഒളിവിൽ പോകുകയായിരുന്നു. ആറ് മാസം മുൻപ് ഗണപതി പിടിയിലായി. കഴിഞ്ഞ16 കൊല്ലത്തോളമായി നാടുമായി യാതൊരു ബന്ധവുമില്ലാതെ നാസിക്കിനടുത്ത് താമസിച്ച് ടയർ പഞ്ചർ കടയിൽ ജോലി ചെയ്ത് വരികയായിരുന്നു ജിത്ത്. കഴിഞ്ഞ കൊല്ലം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അന്വേഷണത്തിനൊടുവിൽ അറസ്റ്റ് ചെയ്തത്. നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർ നൽകിയ സൂചനയാണ് പ്രതിയെ പിടികൂടാൻ സഹായകരമായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe