പയ്യോളി : അശാസ്ത്രീയമായ റോഡ് നിർമ്മാണം കൊണ്ടുള്ള അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കുക, മേൽപ്പാലത്തിന്റെ പണി ഉടൻ പൂർത്തിയാക്കുക, വാഹന ഗതാഗതത്തിനും കാൽനടയാത്രക്കാർക്കും രൂക്ഷമായ വെള്ളക്കെട്ടുകൾ കൊണ്ടുള്ള ബുദ്ധിമുട്ട് ഒഴിവാക്കുവാൻ നടപടി സ്വീകരിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ഐ.എൻ.ടി.യു.സി പയ്യോളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യോളിയിൽ സൂചന ധർണ്ണ നടത്തി.
ധർണ്ണ കെ.പി.സി.സി സെക്രട്ടറി അഡ്വക്കേറ്റ് ഐ മൂസ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി പയ്യോളി മണ്ഡലം പ്രസിഡണ്ട് എൻ എം മനോജ് അധ്യക്ഷത വഹിച്ചു. കാലവർഷം ശക്തമായതോടെ പയ്യോളിയിലും പരിസര ഭാഗങ്ങളിലും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ട് ദേശീയപാതയുടെ സർവീസ് റോഡിൽ വലിയ കുഴികൾ പ്രത്യക്ഷപ്പെട്ട് അപകട ഭീഷണിയും, കനത്ത വെള്ളക്കെട്ട് കൊണ്ട് വാഹന ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയുമാണ് ഉള്ളത്. പയ്യോളി, അയനിക്കാട്, പെരുമാൾപുരം ഭാഗങ്ങളിലും ഇതേ അവസ്ഥയാണ് നിലവിലുള്ളത്. ചളിയും കുഴിയും വെള്ളക്കെട്ടും താണ്ടി ദുരിതം സഹിച്ചാണ് നാട്ടുകാർ അടക്കമുള്ളവർ യാത്ര ചെയ്യുന്നത്. വലിയ കുഴികൾ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് കാൽനടയാത്ര പോലും അസാധ്യമായ അവസ്ഥയാണ് ഉള്ളത്. റോഡിൻ്റെ ശോചനീയാവസ്ഥ കാരണം ഈ കഴിഞ്ഞ ദിവസങ്ങളിൽ പയ്യോളിയിൽ വിവിധ അപകടങ്ങളിലായി രണ്ടുപേർ മരണപ്പെടുകയും നിരവധി പേർക്ക് അംഗഭംഗം വരികയും ചെയ്തിട്ടുണ്ട്. വെള്ളക്കെട്ട് നിറഞ്ഞ ആഴമേറിയ കുഴികളിൽ ഇരുചക്ര വാഹനങ്ങളും കാറുകളും അടക്കമുള്ള വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്.
ദേശീയപാത നിർമ്മാണ കമ്പനിയായ അദാനി ഗ്രൂപ്പിൽ നിന്നും ഉപകരാർ എടുത്ത വാഗാട് കമ്പനിയുടെ അനങ്ങാപ്പാറ നയമാണ് പയ്യോളിയിൽ ഇത്രയധികം ഗതാഗത തടസ്സത്തിനും അപകടങ്ങൾക്കും കാരണമാകുത്. പയ്യോളി പോലീസിൻ്റെ നേതൃത്വത്തിൽ പൊതുപ്രവർത്തകരും, നാട്ടുകാരും, വ്യാപാരികളും മുൻകൈയെടുത്താണ് ഇപ്പോൾ ഗതാഗതം പയ്യോളിയിൽ നിയന്ത്രിച്ചു കൊണ്ടുപോകുന്നത്. പലപ്പോഴും വാഹനങ്ങൾ വഴിതിരിച്ചു വിടുന്ന അവസ്ഥയുമാണ് നിലവിലുള്ളത് ധർണ്ണയിൽ കെ.പി.സി.സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ.ടി വിനോദ്, ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഇ.കെ ശീതൾരാജ്, ടി കെ നാരായണൻ, പുത്തുക്കാട്ട് രാമകൃഷ്ണൻ,, കെ ടി സിന്ധു, പി.ടി.കെ ഗോവിന്ദൻ, പ്രവീൺനടുക്കുടി, ഇ സൂരജ്, പ്രജീഷ് കുട്ടംവള്ളി, ഇ കെ ബിജു, ഷാജി തെക്കയിൽ, സൈഫുദ്ദീൻ പി കെ, ഉഷാ ബാബു, സി.എൻ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു