പയ്യോളി: പൗരന്റെ വോട്ടെന്ന അവകാശത്തെ കവരാനുള്ള ശ്രമങ്ങളാണ് സമീപ കാലത്ത് കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. ബി ജെ പിയുടെ പോഷക സംഘടനയെ പോലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തലപ്പത്ത് നിന്ന് ജനാധിപത്യ സമൂഹത്തെ വെല്ലുവിളിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷണർ എന്ന് ഷാഫി പറമ്പിൽ എം.പി പ്രസ്താവിച്ചു. നിരവധി വികസന പ്രവർത്തനങ്ങളിലൂടെ പയ്യോളിയുടെ മുഖഛായ മാറ്റിയ യു ഡി എഫ് നഗരസഭാ ഭരണത്തിന് തുടർച്ച നൽകണോയെന്ന് തീരുമാനിക്കേണ്ടത് പ്രബുദ്ധരായ ജനാധിപത്യ സമൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
പയ്യോളി നഗരസഭ യു.ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അദ്ദേഹം.

പയ്യോളി നഗരസഭാധ്യക്ഷൻ വി കെ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് നേതാവ് അസ്ക്കർ ഫാറൂഖ് മുഖ്യപ്രഭാഷണം നടത്തി. കെ പി സി സി അംഗം മഠത്തിൽ നാണു, കെ ടി വിനോദൻ, എ പി കുഞ്ഞബ്ദുള്ള, സി പി സദഖത്തുള്ള, മഠത്തിൽ അബ്ദുറഹ്മാൻ, പി കുഞ്ഞാമു, ബഷീർ മേലടി പ്രസംഗിച്ചു. പുത്തുക്കാട്ട് രാമകൃഷ്ണൻ സ്വാഗതവും പി എൻ അനിൽകുമാർ നന്ദിയും പറഞ്ഞു.
