പയ്യോളി: ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് പാർക്കിംഗ് സ്റ്റാൻഡുകൾ അനുവദിക്കുക, തൊഴിലാളി പ്രതിനിധികളെ ഉൾപ്പെടുത്തി ട്രാഫിക് അഡ്വൈസറി കമ്മിറ്റി പുനഃസംഘടിപ്പിക്കുക, പ്രധാനപ്പെട്ട പാർക്കിംഗ് കേന്ദ്രങ്ങളിൽ ശുചിമുറി സ്ഥാപിക്കുക, തൊഴിലാളികൾക്ക് അനുകൂലമായി സമഗ്ര മോട്ടോർ വാഹന നയം രൂപീകരിക്കുക, എന്നീ ആവശ്യങ്ങൾ ഉയർത്തി ഓട്ടോ- ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സിഐടിയു നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പഞ്ചായത്ത്, മുൻസിപ്പൽ, കോർപ്പറേഷൻ, ഓഫീസുകൾക്കു മുമ്പിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായി പയ്യോളി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി നഗരസഭാ ഓഫീസിലേക്ക് തൊഴിലാളികൾ മാർച്ചും ധർണയും നടത്തി. സിപിഐ എം ഏരിയ കമ്മിറ്റി അംഗം ടി.ചന്തു ഉദ്ഘാടനം ചെയ്തു.
യൂണിയൻ പയ്യോളി സെക്ഷൻ കമ്മിറ്റി പ്രസിഡന്റ് എൻ ടി രാജൻ അധ്യക്ഷനായി. ഗിരീഷ് ബാബു, രാജൻ പടിക്കൽ, ശ്രീജിത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി പ്രദീപ് തോലേരി സ്വാഗതവും പി.കെ.ചന്ദ്രൻ നന്ദിയും പറഞ്ഞു. മൂടാടി പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന മാർച്ച് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ.കെ.മമ്മു ഉദ്ഘാടനം ചെയ്തു. സെക്ഷൻ കമ്മിറ്റി പ്രസിഡന്റ് സുനിൽ അക്കമ്പത്ത് അധ്യക്ഷനായി. യു.വി.ബിജീഷ് സ്വാഗതം പറഞ്ഞു. തിക്കോടി പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന മാർച്ച് പി.കെ.സത്യൻ ഉദ്ഘാടനം ചെയ്തു. പ്രകാശൻ പട്ടിഞ്ഞാറെയിൽ അധ്യക്ഷനായി. ഗിരീഷ് ചെത്തിൽ സ്വാഗതവും എ.വി.രജീഷ് നന്ദിയും പറഞ്ഞു. തുറയൂർപഞ്ചായത്ത് ഓഫീസിലേക്ക് നടന്ന മാർച്ച് സിഐടിയു ഏരിയ സെക്രട്ടറി കെ.കെ.പ്രേമൻ ഉദ്ഘാടനം ചെയ്തു. വിജേഷ് അധ്യക്ഷനായി. എം.വി.വിജീഷ് സ്വാഗതം പറഞ്ഞു.