പയ്യോളി: ദേശീയപാതയിൽ തീർത്ഥ ഇന്റർനാഷണൽ ഹോട്ടലിന് സമീപം ടൂറിസ്റ്റ് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. കുറ്റ്യാടി തീക്കുനി നടുവിലക്കണ്ടി ജസ്‌ന (24) ആണ് മരിച്ചത്. അപകടത്തിൽ ജസ്‌നയുടെ ഭർത്താവിനും ഒന്നരവയസ്സുള്ള കുഞ്ഞിനും പരിക്കേറ്റു. ഇന്ന് വൈകീട്ട് 6.15-ഓടെയായിരുന്നു അപകടം.
പരിക്കേറ്റ ചേരാപുരം കുളങ്ങരതാഴ ഇല്ലത്ത് ഷംസീർ, ഒന്നരവയസ്സുള്ള കുഞ്ഞ് എന്നിവരെ നന്തിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ അതേ ദിശയിൽ വന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ ജസ്‌ന ബസ്സിനടിയിൽപ്പെടുകയും സംഭവസ്ഥലത്തുതന്നെ മരിക്കുകയുമായിരുന്നു.
അപകടത്തെ തുടർന്ന് പയ്യോളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
