പയ്യോളി ഹൈസ്‌കൂളിലെ 3000 വിദ്യാർത്ഥികൾ ഒരുമിച്ച് ഗാനമാലപിച്ച് ലോകസംഗീത ദിനം വേറിട്ട അനുഭവമാക്കി

news image
Jun 21, 2023, 1:57 pm GMT+0000 payyolionline.in

പയ്യോളി : ലോക സംഗീത ദിന ത്തോടനുബന്ധിച്ച് പയ്യോളി തിക്കോടിയൻസ് സ്മാരക ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഒരേ സമയം ഗാനമാലപിച്ചപ്പോൾ അത് സ്കൂൾ പഠനാനുബന്ധ പ്രവർത്തനങ്ങളിലെ വേറിട്ട അനുഭവമായി മാറി. സ്കൂൾ റേഡിയോ സംവിധാനം ഉപയോഗിച്ച് മ്യൂസിക് ക്ലബ്ബിലെ വിദ്യാർത്ഥികൾ ചേർന്ന് ആലപിച്ച “ലോകം മുഴുവൻ സുഖം പകരാനായി സ്നേഹദീപമേ മിഴി തുറക്കൂ…” എന്ന പ്രശസ്തമായ ഗാനമാണ് ഒരേസമയം ക്ലാസിൽ എഴുന്നേറ്റു നിന്ന് 3000 ത്തോളം കുട്ടികളും ഒപ്പം അധ്യാപകരും ചേർന്ന് പാടിയത്. ചിന്തയിലും അവതരണത്തിലും പുതിയ ആശയങ്ങളും പദ്ധതികളുമായി മുന്നേറുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ വേറിട്ട പ്രവർത്തനം.

ഇത്രയും കുട്ടികൾ ഒരേസമയം ഒന്നിച്ച് ഒരേ ഗാനം ആലപിക്കുന്നത് വിദ്യാലയ ചരിത്രത്തിൽ തന്നെ പുതിയൊരു അനുഭവമായിരിക്കും എന്ന് പ്രധാന അധ്യാപകൻ മൂസക്കോയ നടുവണ്ണൂർ പറഞ്ഞു. ഗാനാലാപനത്തിനു ശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ സ്വര മ്യൂസിക് ക്ലബ് നേതൃത്വത്തിൽ നടത്തിയ സംഗീത പരിപാടി റിയാലിറ്റി ഷോ വിജയിയും സ്കൂൾ വിദ്യാർത്ഥിയും കൂടിയായ ശ്രീനന്ദ് വിനോദ് ഉദ്‌ഘാടനം ചെയ്തു.

പി ടി എ പ്രസിഡന്റ് ബിജു കളത്തിൽ, പ്രധാന അധ്യാപകൻ മൂസക്കോയ മാസ്റ്റർ ഡെപ്യൂട്ടി എച്ച് എം സജീവൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഗാനങ്ങൾ ആലപിച്ചു. അധ്യാപകരായ ജയലക്ഷ്മി, പ്രിയ, പ്രേംകുമാർ , അനിത, ജയപ്രഭ, രാജേഷ്, പ്രിയ, സുമേഷ് എന്നിവർ നേതൃത്വം നല്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe