പാങ്ങപ്പാറ അഭിരാം കൊലപാതകം: കിണറ്റിൽ കല്ലു കെട്ടി താഴ്ത്തിയ നിർണായക തെളിവുകൾ കണ്ടെത്തി പൊലീസ്, പ്രതി ഉമറിനെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു

news image
Nov 18, 2026, 10:27 am GMT+0000 payyolionline.in

തിരുവനന്തപുരം : പാങ്ങപ്പാറ അഭിരാം കൊലക്കേസിൽ നിർണായക തെളിവുകൾ കണ്ടെടുത്ത് പൊലീസ്. പ്രതി ഉമറിനെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ തെളിവെടുപ്പിലാണ് കൊലപാതകം നടത്താൻ ഉപയോഗിച്ചെന്നു കരുതുന്ന ബെൽറ്റും അഭിരാമിന്റെ മൊബൈൽ ഫോണും വസ്ത്രങ്ങളും കണ്ടെത്തിയത്. കൊലപാതകം നടന്ന കാടുപിടിച്ച പ്രദേശത്തിനു സമീപത്തെ പുരയിടത്തിലെ കിണറ്റിൽനിന്നാണ് തെളിവുകൾ ലഭിച്ചത്.

ഇവയെല്ലാം കല്ലിൽ കെട്ടി കിണറ്റിൽ താഴ്ത്തിയ നിലയിലായിരുന്നു. കുറച്ചു വെള്ളം വറ്റിച്ച ശേഷം സ്‌കൂബാ ഡൈവർമാരുടെ സഹായത്തോടെയാണ് ബെൽറ്റും മൊബൈലും മറ്റും കണ്ടെത്തിയത്. മൊബൈൽ ഫോണുകളും ബെൽറ്റും കിട്ടാത്തത് അന്വേഷണത്തെ വഴിമുട്ടിച്ചിരുന്നു. അതേസമയം, പ്രതികളെ ചോദ്യം ചെയ്തതിൽനിന്നു ചില സൂചനകൾ പൊലീസിനു ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉമറിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് എത്തിച്ചത്. മൊബൈൽ ഫോണുകൾ തോട്ടിലെറിഞ്ഞുവെന്നാണ് പ്രതികൾ ആദ്യം പറഞ്ഞത്. എന്നാൽ ഇവിടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ഇന്നലെ ഉമറിനെയും വനിതാ പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽനിന്നാണ് തെളിവുകളെക്കുറിച്ച് കൃത്യമായ വിവരം പൊലീസിനു ലഭിച്ചത്. ഉമർ സംഭവസ്ഥലത്തേക്ക് എത്തിയതിന്റെ തെളിവുകൾ ശേഖരിക്കാൻ പൊലീസിനു കഴിഞ്ഞിരുന്നില്ല. എല്ലാം ഒറ്റയ്ക്കാണു ചെയ്തതെന്നാണ് ഒന്നാം പ്രതിയായ പതിനേഴുകാരൻ പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിൽ അഭിരാമിനെ കൊല്ലാൻ ഉപയോഗിച്ച ഉമറിന്റെ ബെൽറ്റ് കണ്ടെത്തുന്നത് ഏറെ നിർണായകമായിരുന്നു. ബെൽറ്റ് കിട്ടിയതോടെ ഉമറിനെ കേസുമായി നേരിട്ടു ബന്ധിപ്പിക്കാനുള്ള തെളിവാണു പൊലീസിനു ലഭിച്ചിരിക്കുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe