പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി, ടോള്‍ബൂത്ത് തുറക്കാന്‍ ഹൈക്കോടതിയുടെ അനുമതി കിട്ടിയാല്‍ 5 മുതല്‍ 10 രൂപ വരെ കൂടുതല്‍ നല്‍കേണ്ടി വരും

news image
Aug 31, 2025, 1:59 pm GMT+0000 payyolionline.in

കൊച്ചി: പാലിയേക്കരയിൽ ടോള്‍ തുടങ്ങുമ്പോള്‍ കൂടിയ നിരക്ക് ഈടാക്കും. സെപ്റ്റംബര്‍ 10 മുതല്‍ ടോള്‍ നിരക്ക് 5 മുതല്‍ 10 രൂപ വരെ ഉയരും. ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങളുടെ പേരില്‍ ഹൈക്കോടതി നിര്‍ത്തിവെപ്പിച്ച പാലിയേക്കരയിലെ ടോള്‍ പിരിവ് പുനരാരംഭിക്കുമ്പോള്‍ കൂടിയ നിരക്ക് ഈടാക്കാന്‍ എന്‍എച്ച്എഐ കരാര്‍ കമ്പനിയായ ജിഐപിഎല്ലിന് അനുമതി നല്‍കി. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 5 മുതല്‍ 15 രൂപ വരെയുള്ള വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഒരു ഭാഗത്തേക്ക് പോകുന്ന കാറുകള്‍ക്ക് 90 രൂപ ടോള്‍ നല്‍കിയിരുന്നത് ഇനി 95 രൂപ നല്‍കേണ്ടിവരും. ഒരു ദിവസം ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 140 രൂപയെന്നതില്‍ മാറ്റമില്ല.ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്കുള്ള ടോള്‍ നിരക്ക് 160 രൂപയെന്നത് 165 രൂപയായി ഉയരും. ഒന്നില്‍ കൂടുതലുള്ള യാത്രകള്‍ക്ക് 240 എന്നത് 245 രൂപയാകും. ബസ്, ട്രക്ക് എന്നിവയ്ക്ക് 320 രൂപയായിരുന്നത് 330 ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 485 എന്നത് 495 രൂപയുമാകും. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 515 എന്നത് 530 രൂപ ഒന്നിൽ കൂടുതല്‍ യാത്രയ്ക്ക് 775 രൂപയായിരുന്നത് 795 രൂപയുമാകും. സെപ്റ്റംബര്‍ 9 വരെ ഹൈക്കോടതി ഉത്തരവ് പ്രകാരം പാലിയേക്കരയിലെ ടോള്‍ പിരിവ് റദ്ദ് ചെയ്തിരിക്കുകയാണ്. ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങളും കരാര്‍ ലംഘനങ്ങളും ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനിടെയാണ് വീണ്ടും ടോള്‍ വര്‍ധന.

 

പാലിയേക്കരയില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നിനാണ് ടോള്‍ നിരക്ക് പരിഷ്‌കരിക്കുന്നത് നിരന്തരം കരാര്‍ ലംഘനം നടത്തുന്ന ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ ടോള്‍ നിരക്ക് ഉയര്‍ത്താന്‍ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe