ഇംഫാൽ: പ്രതിപക്ഷ പാർട്ടികൾക്ക് സമയം നൽകാതെ പ്രധാനമന്ത്രി. മണിപ്പൂരിൽ നിന്നുള്ള പ്രതിപക്ഷസംഘം 3 ദിവസമായി ദില്ലിയിൽ തുടരുകയാണ്. മോദി വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ അവഗണിക്കുന്നുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മണിപ്പൂരിലെ പത്ത് പ്രതിപക്ഷ പാർട്ടി പ്രതിനിധികൾ പ്രധാനമന്ത്രിയെ കാണാനാണ് എത്തിയത്. 20 ന് പ്രധാനമന്ത്രി വിദേശത്തേക്ക് പോകുകയാണ്. അതിന് മുൻപ് അവസരം ഒരുങ്ങുമോയെന്ന് അറിയില്ല.
ഇതിന് മുൻപ് മണിപ്പൂരിൽ സമാന സാഹചര്യം ഉണ്ടായത് വാജ്പേയിയുടെ കാലത്താണ്. അന്ന് സർവകക്ഷിസംഘം അദ്ദേഹത്തെ കണ്ടു. സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തി. സമാധാനത്തിനായി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഭരണകൂടത്തോട് സഹകരിക്കണമെന്നും വാജ്പേയി ആവശ്യപ്പെട്ടു.
മണിപ്പൂർ കലാപം നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണ്ണ പരാജയമാണ്. മെയ് 3 മുതൽ മണിപ്പൂർ കത്തുകയാണെന്ന് മുൻ മുഖ്യമന്ത്രി ഇബോബി സിംഗ് പറഞ്ഞു. മോദി എന്തുകൊണ്ട് വടക്കൻ കിഴക്കൻ സംസ്ഥാനങ്ങളെ അവഗണിക്കുന്നു. പ്രധാനമന്ത്രി എല്ലാവരുടെയുമാണ്. കലാപ ബാധിതരെ പ്രധാനമന്ത്രി നേരിട്ട് കാണണം. മൂന്ന് ദിവസമായി ദില്ലിയിൽ തുടരുന്നു. പ്രതിപക്ഷ നേതാക്കളെ കാണാൻ തയ്യാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
അതേ സമയം മണിപ്പൂരില്‍ കലാപം തുടരുകയാണ്. കേന്ദ്രസഹമന്ത്രി രാജ് കുമാര്‍ രഞ്ജന്റെ ഇംഫാലിലെ വസതിക്ക് അക്രമികള്‍ തീയിട്ടു. പെട്രോൾ ബോംബ് എറിയുകയായിരുന്നുവെന്ന് രാജ് കുമാർ രഞ്ജൻ സിംഗ് പ്രതികരിച്ചു. എന്നാല്‍, നുഴഞ്ഞു കയറ്റക്കാരാണ് മണിപ്പൂരില്‍ പ്രശ്നമുണ്ടാക്കുന്നതെന്നാണ് മുഖ്യമന്ത്രി ബിരേന്‍ സിംഗ് പറയുന്നത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ടിട്ടും മണിപ്പൂരില്‍ അശാന്തി പടരുകയാണ്. സംസ്ഥാന വ്യവസായ മന്ത്രിയുടെ വസതി കത്തിച്ചതിന് പിന്നാലെ കേന്ദ്രസഹമന്ത്രിയുടെ ഇംഫാലിലെ വസതിക്ക് നേരെ കഴിഞ്ഞ രാത്രി ബോംബേറുണ്ടായി. വീടിന്റെ രണ്ട് നിലകള്‍ക്ക് കേടുപാടുകള്‍ പറ്റി. ആര്‍ക്കും പരിക്കില്ല. സംഭവം നടക്കുമ്പോള്‍ മന്ത്രി കേരളത്തിലായിരുന്നു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ പരിപാടികള്‍ റദ്ദാക്കി മന്ത്രി മണിപ്പൂരിലേക്ക് തിരിക്കും. കഴിഞ്ഞ 26നും രാജ് കുമാര്‍ രഞ്ജന്റെ വീടിന് നേരം ആക്രമണം നടന്നിരുന്നു. സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. മണിപ്പൂരിലേത് വര്‍ഗീയ സംഘര്‍ഷമല്ലെന്നും സമാധാനം ഉടന്‍ പുനഃസ്ഥാപിക്കുമെന്നും മന്ത്രി രാജ് കുമാര്‍ രഞ്ജന്‍ പ്രതികരിച്ചു.