പ്രവാസികള്‍ക്ക് തൊഴിൽ വിസയ്ക്കുള്ള മെഡിക്കൽ പരിശോധനാ ഫീസ് ഒഴിവാക്കി

news image
Oct 6, 2022, 10:58 am GMT+0000 payyolionline.in

മസ്‍കത്ത്: ഒമാനിൽ പുതിയ വിസ ലഭിക്കുന്നതിനും നിലവിലുള്ള വിസ പുതുക്കുന്നതിനും സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രവാസികള്‍ നല്‍കേണ്ടിയിരുന്ന ഫീസ് ഒഴിവാക്കി. പ്രവാസികളുടെ മെഡിക്കല്‍ പരിശോധനാ നടപടിക്രമങ്ങൾ ഭേദഗതി ചെയ്യാന്‍ ഒമാൻ ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി ബിൻ ഹിലാൽ അൽ സാബ്‍തിയാണ് നിർദേശം നൽകിയത്. പുതിയ ഭേദഗതികള്‍ നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

ഇനി മുതല്‍ പ്രവാസികളുടെ വിസാ മെഡിക്കല്‍ പരിശോധനയ്ക്കുള്ള അപേക്ഷകള്‍ ‘സനദ്’ ഓഫീസുകള്‍ വഴിയാണ് സമര്‍പ്പിക്കേണ്ടത്. ഇതിനായി 30 ഒമാനി റിയാല്‍ ഫീസ് നല്‍കണം. അതിന് ശേഷം പരിശോധനയ്ക്കായി ഒരു സ്വകാര്യ ആരോഗ്യ സ്ഥാപനത്തില്‍ എത്തിച്ചേരാന്‍ അറിയിപ്പ് ലഭിക്കും. മെഡിക്കല്‍ സെന്ററില്‍ ഒരു ഫീസും നല്‍കേണ്ടതില്ല. പരിശോധനാ ഫലങ്ങള്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം പരിശോധിച്ച് 24 മണിക്കൂറിനകം അപേക്ഷകന് ലഭ്യമാക്കും.

നേരത്തെ മെഡിക്കല്‍ പരിശോധനയ്ക്ക് അപേക്ഷ നല്‍കുമ്പോള്‍ ആരോഗ്യ മന്ത്രാലയത്തിന് നല്‍കേണ്ട ഫീസിന് പുറമെ പരിശോധന നടത്തുന്ന സ്വകാര്യ മെഡിക്കല്‍ സെന്ററിലും നിശ്ചിത തുക നല്‍കേണ്ടതുണ്ടായിരുന്നു. ഈ ഫീസാണ് റദ്ദാക്കിയിരിക്കുന്നത്. പ്രവാസികളുടെ താത്പര്യം മുന്‍നിര്‍ത്തിയാണ് മെഡിക്കല്‍ പരിശോധനയുടെ നടപടിക്രമങ്ങള്‍ ലളിതമാക്കുകയും ഫീസ് കുറയ്ക്കുകയും ചെയ്‍തതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയിലൂടെ മന്ത്രി ഡോ. ഹിലാല്‍ ബിന്‍ അലി അല്‍ സബ്‍തി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe