ബന്ധുനിയമന വിവാദം: സണ്ണി ജോസഫിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജിവെച്ചു

news image
Jun 7, 2026, 2:05 pm GMT+0000 payyolionline.in

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിന് പിന്നാലെ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിൻ്റെ സ്റ്റാഫിൽ നിന്ന് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജിവെച്ചു. മുഖ്യമന്ത്രിക്ക് ബെന്നി തോമസ് രാജിക്കത്ത് കൈമാറി. രാജിക്കത്തിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. ‘എന്നെ വൈദ്യുതിവകുപ്പ് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരുന്നല്ലോ. എന്നാൽ ആ നിയമനം വിവാദമാകുകയും പാർട്ടിക്ക് വിമർശനം നേരിടേണ്ടി വരികയും ചെയ്ത സാഹചര്യത്തിൽ ഞാൻ രാജിവെച്ചതായി അറിയിക്കുന്നു’ എന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ രാജിക്കത്തിൽ ബെന്നി തോമസ് വ്യക്തമാക്കിയിരിക്കുന്നത്.

പ്രതിപക്ഷ ബന്ധുനിയമന വിവാദം ശക്തമായി ഉയർത്തിയതിന് പിന്നാലെയാണ് ബെന്നി തോമസിൻ്റെ രാജി. കഴിഞ്ഞ ദിവസം കെപിസിസി യോഗത്തിലും ബെന്നി തോമസിൻ്റെ നിയമത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. സണ്ണി ജോസഫിൻ്റെ സഹോദരി ഭർത്താവായ ബെന്നി തോമസ് കണ്ണൂർ ഡിസിസി സെക്രട്ടറിയാണ്.

താൻ കാരണം സണ്ണി ജോസഫിന്റെ പൊതുജീവിതത്തിന് പോറൽ ഏൽക്കരുതെന്ന് വ്യക്തമാക്കിയ ബെന്നി തോമസ് രാജി തീരുമാനം സ്വമേധയാ എടുത്തതാണെന്നും വ്യക്തമാക്കി. നിയമനം വിവാദമായ സാഹചര്യത്തിലാണ് രാജിവെക്കുന്നതെന്നും ബെന്നി തോമസ് കൂട്ടിച്ചേർത്തു.

സണ്ണി ജോസഫിൻ്റെ പേഴ്സണിൽ സ്റ്റാഫിൽ ബന്ധുവായ ബെന്നി തോമസിനെ നിയമിച്ചതിനെതിരെ പ്രതിപക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി യോ​ഗത്തിൽ ബെന്നി തോമസിൻ്റെ നിയമനത്തിനെതിരെ എം എം ഹസൻ രം​ഗത്ത് വന്നിരുന്നു. ബന്ധുക്കളെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിക്കുമ്പോൾ ശ്രദ്ധിക്കണമായിരുന്നുവെന്നായിരുന്നു കെപിസിസി യോ​ഗത്തിൽ എം എം ഹസൻ ഉയർത്തിയ വിമർശനം. മാധ്യമങ്ങളിൽ വാർത്തകൾ വന്നതിനുശേഷം ആലോചിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു എം എം ഹസൻ്റെ വിമർശനം.

പ്രതിപക്ഷത്തിന് പുറമെ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ നിരണം ഭദ്രസനാധിപൻ മാർ ഗീവർഗീസ് കൂറിലോസും ബന്ധു നിയമനത്തെ വിമർശിച്ചിരുന്നു. മാറ്റത്തിന് വോട്ടുചെയ്ത ജനത്തെ പരിഹസിക്കുന്നതാണ് ഇത്തരം നടപടികളെന്നും നടപടി ഉടൻ പിൻവലിക്കുമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു ഗീവർഗീസ് കൂറിലോസിൻ്റെ പ്രതികരണം. ജനങ്ങൾ ഇപ്രാവശ്യം വോട്ട് ചെയ്തത് സമഗ്ര മാറ്റത്തിനായിരുന്നെന്നും ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറ്റുവാൻ ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പേഴ്‌സണൽ സ്റ്റാഫിൽ സഹോദരിയുടെ ഭർത്താവിന്റെ നിയമിച്ചതിൽ നിയമപരമായ തടസ്സമില്ലെന്ന് നേരത്തെ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞിരുന്നു. സത്യസന്ധനായ മാതൃകാ പൊതുപ്രവർത്തകനാണ് ബെന്നി തോമസ് എന്നും സഹോദരീ ഭർത്താവ് എന്നതല്ല പഴ്‌സനൽ സ്റ്റാഫിൽ നിയമിക്കുന്നതിനുള്ള മാനദണ്ഡമെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു. ‘ബെന്നി തോമസ് മികച്ചൊരു പൊതുപ്രവർത്തകനാണ്. എന്റെ സഹോദരീ ഭർത്താവ് എന്നതല്ല മാനദണ്ഡം. ഈ തെരഞ്ഞെടുപ്പിൽ എന്റെ ചീഫ് ഏജന്റായിരുന്നു. കണ്ണൂർ ഡിസിസി പ്രസിഡന്റ് തന്നെ ഇങ്ങോട്ട് ശുപാർശ ചെയ്യുകയായിരുന്നു. രണ്ട് ടേം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കേരളത്തിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ച പഞ്ചായത്ത് അംഗമായിരുന്നു. എല്ലാ പാർട്ടിക്കാരും ഉൾക്കൊള്ളുന്ന കോളേജ് കമ്മിറ്റി സെക്രട്ടറിയാണ്. നല്ല സത്യസന്ധനായ മാതൃകാ പൊതുപ്രവർത്തകനായിരുന്നു. നിയമപരമായ തടസ്സമില്ല’ എന്നായിരുന്നു സണ്ണി ജോസഫിൻ്റെ വിശദീകരണം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe