മാലിന്യ സംസ്‌കരണ സംവിധാനമില്ലാത്ത കെട്ടിടങ്ങള്‍ക്കെതിരേ നടപടിയുമായി പയ്യോളി നഗരസഭ

news image
Apr 12, 2023, 1:48 pm GMT+0000 payyolionline.in

പയ്യോളി: മതിയായ മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത സ്ഥാപനങ്ങൾ, അപ്പാർട്ടുമെന്റുകൾ, ക്വാട്ടേർസുകൾ, അതിഥി തൊഴിലാളി ക്യാമ്പുകൾ തുടങ്ങിയവയിൽ മാലിന്യ സംസ്കരണ സംവിധാന മേർപ്പെടുത്തുന്നതിനായി നഗരസഭ പൊതുജനാരോഗ്യ വിഭാഗം നോട്ടീസ് നൽകി തുടങ്ങി. ഇത്തരത്തിലുള്ള 12 സ്ഥാപന ഉടമകൾക്കാണ് നോട്ടിസ് നൽകിയത്. പയ്യോളി ടൗണിലും പരിസര പ്രദേശത്തുമുള്ള 17 സ്ഥാപനങ്ങൾക്ക് കെട്ടിടങ്ങളുടെ കോമ്പൗണ്ടിലും പിൻഭാഗങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിച്ചതിനും പരിസരം വൃത്തിഹീനമായതിനും നോട്ടീസ് നല്കി.

മാലിന്യങ്ങൾ അലക്ഷ്യമായി പൊതുസ്ഥലത്ത് വലിച്ചെറിയുന്ന 17 സ്ഥാപന ഉടമകൾക്കും നോട്ടീസ് നൽകി നടപടി ആരംഭിച്ചു. സ്ഥാപനങ്ങളിലേയും വീടുകളിലേയും അജൈവ പാഴ് വസ്തുക്കൾ ശേഖരിക്കുന്നതിന് നഗര സഭ നിയോഗിച്ചിരിക്കുന്ന ഹരിത കർമ്മസേനയ്ക്ക് അജൈവ പാഴ് വസ്തുക്കൾ നൽകാത്ത 91 പേർക്ക് നോട്ടീസ് നൽകി. നോട്ടീസുകളിലെ നിർദ്ദേശങ്ങൾ പാലിക്കാത്ത പക്ഷം ശക്തമായ നിയമ നടപടികൾ സ്വീകരിക്കും. നഗരസഭ പരിധിയിലെ മുഴുവൻ വീടുകളിലും ജൈവ മാലിന്യങ്ങൾ ഉണ്ടാകുന്ന സ്ഥാപനങ്ങളിലും ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് കൃത്യമായ സംവിധാനമുണ്ടാകണം.

മാലിന്യങ്ങൾ പൊതു – സ്വകാര്യ സ്ഥലങ്ങളിൽ അലക്ഷ്യമായി വലിച്ചെറിയരുതെന്നും മലിന ജലം ജലാശയങ്ങളിലേക്കോ ഡ്രൈനേജിലേക്കോ ഒടുക്കി വിടരുതെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു. പരിശോധനകൾക്ക് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ / ക്ലീൻ സിറ്റി മാനേജർ ടി.ചന്ദ്രൻ നേതൃത്ത്വം നല്കി. ഹെൽത്ത് ഇൻസ്പെക്ടർ ബിന്ദുമോൾ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.പി. പ്രകാശൻ, ജിഷ. പി , രജനി ഡി.ആർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe