മധ്യപ്രദേശിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങളുടെ കണ്ണുകൾ നഷ്ടപ്പെട്ടു; എലികരണ്ടതാകാമെന്ന് അധികൃതർ

news image
Jan 21, 2023, 1:44 pm GMT+0000 payyolionline.in

ഭോപാൽ: മധ്യപ്രദേശിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങളുടെ കണ്ണുകൾ ദുരൂഹ സാഹചര്യത്തിൽ നഷ്ടപ്പെട്ടു. രണ്ട് മൃതദേഹങ്ങളുടെ കണ്ണുകളാണ് 15 ദിവസങ്ങളുടെ ഇടവേളയിൽ നഷ്ടപ്പെട്ടത്. ജില്ലാ ആശുപത്രിയുടെ മോർച്ചറിയിലാണ് സംഭവം. എലികൾ കരണ്ട് തിന്നതാകാം കണ്ണുകളെന്നാണ് ആശുപത്രി അധികൃതർ പറയുന്ന വിശദീകരണം. ആദ്യ സംഭവം ജനുവരി നാലിനും രണ്ടാമത്തെ സംഭവം ജനുവരി 19നുമാണ്.

ആദ്യ കേസ് 32 കാരനായ മോതിലാൽ ഗൗണ്ട് എന്നയാളാണ്. അമേത് ഗ്രാമത്തിലെ ഫാമിൽ കുഴഞ്ഞ് വീണ് മരിച്ചതിനെ തുടർന്ന് ബന്ധുക്കൾ മൃതദേഹം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ മരണം സ്ഥിരീകരിച്ച ശേഷം മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. അടുത്ത ദിവസം രാവിലെ പോസ്റ്റ്മോർട്ടത്തിനായി ഡോക്ടർ എത്തിയപ്പോഴാണ് മൃതദേഹത്തിന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഫ്രീസർ പ്രവർത്തിക്കാത്തതിനെ തുടർന്ന് അന്ന് മൃതദേഹം പുറത്തുള്ള മേശയിലാണ് സൂക്ഷിച്ചിരുന്നത്.

രണ്ടാമത്തെ കേസിൽ 25കാരനായ രമേശ് അഹിവാറിന്റെ മൃതദേഹത്തിൽ നിന്നാണ് കണ്ണ് നഷ്ടമായത്. ജനുവരി 16ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ യുവാവ് അടുത്ത ദിവസം രാത്രി മരിക്കുകയായിരുന്നു.

ജനുവരി 15ന് ആരോടും പറയാതെ വിട്ടീൽ നിന്ന് പോയ രമേശ് പരിക്കേറ്റ നിലയിലാണ് തിരിച്ചെത്തിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വെന്റിലേറ്റർ സഹായത്തോടെ ചികിത്സ ആരംഭിക്കുകയുമായിരുന്നു. യുവാവ് മരിച്ചതോടെ മെഡിക്കോ -ലീഗൽ കേസായതിനാൽ പോസ്റ്റ് മോർട്ടം ആവശ്യമായി വന്നു. തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ജനുവരി 19ന് ഫ്രീസറിൽ നിന്ന് മൃതദേഹം പുറത്തെടുത്തപ്പോൾ ഒരു കണ്ണ് നഷ്ടപ്പെട്ട നിലയിലായിരുന്നു. മോർച്ചറിയിലെ ഫ്രീസറിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നതെന്നും, ഫ്രീസർ നന്നായി പ്രവർത്തിച്ചിരുന്നെന്നും ജില്ലാ ആശുപത്രി റെസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ.അഭിഷേക് താക്കൂർ പറഞ്ഞു.

പ്രാഥമിക നിഗമന പ്രകാരം കണ്ണുകൾ എലി കരണ്ടതാകാനാണ് സാധ്യത. സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. വിശദ പരിശോധനക്ക് ശേഷം തുടർ നടപടികൾ സ്വീകരിക്കും.

സംഭവത്തിൽ സിവിൽ സർജൻ ഡോ. ജ്യോതി ചൗഹാനുൾപ്പെടെ നാല് മെഡിക്കൽ ഓഫീസർമാർക്ക് 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ ഡോ. മംത തിമോറി നോട്ടീസ് നൽകിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe