കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വായനോത്സവത്തിന് ഇരിങ്ങലിൽ തുടക്കമായി

news image
Jan 21, 2023, 2:32 pm GMT+0000 payyolionline.in

ഇരിങ്ങല്‍:  കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വായനോത്സവത്തിന് തുടക്കമായി. ഇരിങ്ങല്‍ സര്‍ഗാലയയില്‍ ആരംഭിച്ച വായനോത്സവം മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ.മധു സ്വാഗതം ആശംസിച്ച യോഗത്തില്‍ കാനത്തില്‍ ജമീല എം.എല്‍.എ. അധ്യക്ഷയായിരുന്നു. സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി.കുഞ്ഞികൃഷ്ണന്‍ ആമുഖപ്രഭാഷണം നടത്തി. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന്‍, സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ.ചന്ദ്രന്‍ മാസ്റ്റര്‍, എം.കെ.രമേഷ് കുമാര്‍, എസ്.നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്‍.ഉദയന്‍ നന്ദി രേഖപ്പെടുത്തി.

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വായനോത്സവം വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വായനോത്സവത്തിന്റെ ആദ്യ ദിനമായ ഇന്നലെ മത്സരാര്‍ഥികള്‍ക്കുള്ള എഴുത്തുപരീക്ഷയും ഗ്രന്‍ഡ്മാസ്റ്റര്‍ ജി.എസ്.പ്രദീപ് നയിച്ച മെഗാ ക്വിസും നടന്നു. 14 ജില്ലകളില്‍നിന്നായി 42 മത്സരാര്‍ഥികളാണ് മൂന്ന് വിഭാഗങ്ങളിലായി ജേതാക്കളാകാന്‍ മത്സരിക്കുന്നത്. ഹൈസ്‌കൂള്‍, മുതിര്‍ന്നവരുടെ വിഭാഗം ഒന്ന്, മുതിര്‍ന്നവരുടെ വിഭാഗം രണ്ട് എന്നിങ്ങനെയാണ് മത്സരങ്ങള്‍ നടക്കുന്നത്.
വായനോത്സവത്തിന്റെ അവസാന ദിവസമായ ഇന്ന് നടക്കുന്ന അഭിമുഖ പരീക്ഷയുടെയും സര്‍ഗസംവാദത്തിലെ മാര്‍ക്കുകളുടെയും അടിസ്ഥാനത്തിലാണ് വിജയികളെ നിശ്ചയിക്കുന്നത്.

ഗ്രന്ഥാലോകം മാസികയുടെ ചീഫ് എഡിറ്റര്‍ മോഡറേറ്ററായി നടക്കുന്ന സര്‍ഗസംവാദത്തില്‍ എഴുത്തുകാരായ സുഭാഷ് ചന്ദ്രന്‍, പി.കെ.ഗോപി, ബി.എം.സുഹ്‌റ എന്നിവര്‍ പങ്കെടുക്കും. സമാപന സമ്മേളനം എം.മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. കെ.ഇ.എന്‍.കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. വി.കെ.മധു സമ്മാനദാനം നിര്‍വഹിക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe