പയ്യോളി: ദേശീയപാത ആറ് വരിയാക്കല്‍ പ്രവര്‍ത്തിയുടെ ഭാഗമായി നിര്‍മ്മിച്ച പുതിയ മൂരാട് പാലം മാസങ്ങളായി ഇരുട്ടില്‍. മൂരാട് പാലത്തിലേക്കുള്ള വൈദ്യുതി ബന്ധം നിര്‍മ്മാണ ജോലിക്കിടെ ജെസിബി ഉപയോഗിച്ച് മുറിഞ്ഞതാണ് ഇരുട്ടിലാവാന്‍ കാരണം.

ദേശീയപാതയില്‍ മൂരാട് പാലത്തിലേക്കുള്ള വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്നു ഇരുട്ടിലായപ്പോള്‍
ഇത് മൂലം വാഹന യാത്രക്കാരും കാല്‍നട യാത്രക്കാരും ബുദ്ധിമുട്ടുന്നു. മൂരാട് പാലം മുതല്‍ പാലോളിപ്പാലം വരെയുള്ള 2.1 കിലോ മീറ്റര്‍ ദൂരത്തിന്റെ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തത് ഹരിയാനയിലുള്ള ഇ ഫൈവ് എന്റര്‍പ്രൈസസ് എന്ന കമ്പനിയാണ്. ഇവരുടെ പ്രവര്‍ത്തി ഏകദേശം പൂര്‍ത്തിയായ നിലയിലാണ്. അത് കൊണ്ട് തന്നെ ഇവരുടെ നാമമാത്രമായ ജീവനക്കാര്‍ മാത്രമാണ് സ്ഥലത്തുള്ളത്. കേബിളിങ് ചെയ്യുന്നതിനിടെ വൈദ്യുതി ലൈന്‍ മുറിഞ്ഞതാണ് പാലത്തിലേക്ക് കറന്റ് എത്താതെന്ന് നാട്ടുകാര്‍ പറയുന്നു. ഇക്കാര്യം പരിഹരിക്കാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ സാങ്കേതിക വിഭാഗത്തിലെ ആളുകള്‍ ഇവിടെയില്ലെന്ന മറുപടിയാണ് പ്രദേശത്തുള്ള കരാര്‍ കമ്പനി ജീവനക്കാര്‍ പറയുന്നത്. ഇവര്‍ എപ്പോള്‍ വരുമെന്നോ പരിഹരിക്കുമെന്നോയുള്ള വിവരവും ലഭിക്കുന്നില്ല. റോഡ് നിര്‍മ്മിച്ച് കഴിഞ്ഞാല്‍ പതിനഞ്ച് വര്‍ഷത്തേക്ക് പരിപാലന ചുമതല കരാര്‍ എടുത്ത കമ്പനിക്കാണ്. ഇവിടെ റോഡ് നിര്‍മ്മിച്ച് ഔദ്യോഗികമായി കൈമാറുന്നതിന് മുന്‍പ് തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഇനിയുള്ള കാലം എന്താവുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.