യുജിസി-നെറ്റ് ജൂൺ 2026 പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക ഈ ആഴ്ച പ്രസിദ്ധീകരിക്കുമെന്ന് എൻടിഎ. സിഎസ്‌ഐആർ-നെറ്റ്, ഐസിഎആർ പരീക്ഷകളുടെ ഉത്തരസൂചികയും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. വിദ്യാർഥികൾക്ക് ഉത്തരസൂചിക പരിശോധിക്കാനും പരാതികൾ ഉന്നയിക്കാനും അവസരമുണ്ടാകും.
പുതിയ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം ആശ്രയിക്കണമെന്ന് എൻടിഎ നിർദേശിച്ചു. ഫലം വൈകിയത് വിദ്യാർഥി പ്രതിഷേധത്തിനിടയാക്കിയിരുന്നു. പരീക്ഷ കഴിഞ്ഞ് 40 ദിവസം പിന്നിട്ടിട്ടും പ്രൊവിഷണൽ ഉത്തരസൂചിക പോലും പുറത്തുവിടാൻ എൻടിഎ തയാറായില്ലെന്നായിരുന്നു വിമർശനം. സാധാരണയായി പരീക്ഷ പൂർത്തിയായി 15 ദിവസത്തിനുള്ളിൽ ഉത്തരസൂചിക പ്രസിദ്ധീകരിക്കാറുള്ള സ്ഥാനത്താണ് അനാസ്ഥയെന്നാണ് ചൂണ്ടികാട്ടപ്പെടുന്നത്. രാജ്യത്തെ 600-ലധികം കേന്ദ്രങ്ങളിലായി പത്ത് ലക്ഷത്തോളം ഉദ്യോഗാർഥികളാണ് ഇത്തവണ നെറ്റ് പരീക്ഷ എഴുതിയത്. ഉത്തരസൂചിക ഉടനടി പുറത്തുവിട്ടില്ലെങ്കിൽ നാളെ എൻടിഎ ഓഫീസിലേക്ക് മാർച്ച് നടത്താനായിരുന്നു വിദ്യാർഥികളുടെയും ഉദ്യോഗാർഥികളുടെയും തീരുമാനം.
