10–ാം ക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവം; ‘രാഖിശ്രീയെ യുവാവ് നിരന്തരം ശല്യംചെയ്തു; കൂടെ വന്നില്ലെങ്കിൽ ജീവിക്കാൻ സമ്മതിക്കില്ലെന്ന് ഭീഷണി’

news image
May 21, 2023, 9:45 am GMT+0000 payyolionline.in

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ 10–ാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി മാതാപിതാക്കൾ രംഗത്ത്. പ്രണയാഭ്യർഥനയുമായി യുവാവ് പിന്തുടർന്ന് ഭീഷണിപ്പെടുത്തിയതിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പിതാവ് ആരോപിച്ചു. സംഭവത്തിൽ യുവാവിനെതിരെ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി.

എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ആർ.എസ്.രാഖിശ്രീയെന്ന പതിനാറുകാരി ശനിയാഴ്ചയാണു വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ചിറയിൻകീഴ് പുളിമൂട്ട് കടവ് സ്വദേശിയായ 28 വയസ്സുകാരൻ രാഖിശ്രീയെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നാണ് പിതാവിന്റെ ആരോപണം. കൂടെ ഇറങ്ങി വന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് രാഖിശ്രീയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായും പിതാവ് രാജീവ് ആരോപിച്ചു.

ആറു മാസം മുൻപ് ഒരു ക്യാംപിൽവച്ചാണ് രാഖിശ്രീ ഈ യുവാവിനെ പരിചയപ്പെട്ടത്. പിന്നീട് രാഖിശ്രീക്ക് മൊബൈൽ ഫോൺ സമ്മാനിച്ചു. തുടർന്ന് ഇയാൾ രാഖിശ്രീയെ തുടർച്ചയായി ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് പറയുന്നു. കഴിഞ്ഞ ദിവസം ബസ് സ്റ്റോപ്പിൽ തടഞ്ഞുനിർത്തിയും ഭീഷണിപ്പെടുത്തിയെന്ന് പരാതിയിലുണ്ട്.

ചിറയിന്‍കീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു രാഖിശ്രീ. കൂന്തള്ളൂർ പനച്ചുവിളാകം രാജീവ് – ശ്രീവിദ്യ ദമ്പതികളുടെ മകളാണ്. കഴിഞ്ഞ ദിവസം 10–ാം ക്ലാസ് പരീക്ഷാ ഫലം വന്നപ്പോഴാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടി തിളക്കമാർന്ന വിജയം സ്വന്തമാക്കിയത്. രാഖിശ്രീ ഉൾപ്പെടെ വിജയിച്ച കുട്ടികളെല്ലാം സ്കൂളിൽ എത്തിയിരുന്നു. പിന്നീട് വൈകിട്ടോടെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe