രാഹുലിന്റെ ഓഫിസിലെ ഗാന്ധിചിത്രം തകർത്ത കേസ്: നടപടിക്ക് സ്റ്റേ

news image
Jul 14, 2023, 2:32 am GMT+0000 payyolionline.in

കൊച്ചി ∙ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസിലെ മഹാത്മാഗാന്ധിയുടെ ചിത്രം തകർത്ത കേസിൽ ഓഫിസ് ജീവനക്കാർക്കെതിരെ കൽപറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ രാഹുലിന്റെ പിഎ കെ.ആർ.രതീഷ്കുമാർ, ഓഫിസ് ജീവനക്കാരൻ എസ്.ആർ.രാഹുൽ, എൻജിഒ അസോസിയേഷൻ വയനാട് ജില്ലാ സെക്രട്ടറി കെ.എ.മുജീബ്, കോൺഗ്രസ് പ്രവർത്തകൻ വി.നൗഷാദ് എന്നിവർ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചാണ് ജസ്റ്റിസ് എ. രാജ വിജയരാഘവൻ സ്റ്റേ അനുവദിച്ചത്. പരാതിക്കാരനായ അഡ്വ. കിഷോർ ലാലിനു നോട്ടിസ് നൽകാനും കോടതി നിർദേശിച്ചു.

തങ്ങൾക്കെതിരെ കേസെടുക്കാൻ തെളിവുകളോ സാക്ഷി മൊഴികളോ ഇല്ലെന്നും കൽപറ്റ സിജെഎം കോടതിയിലുള്ള കേസിലെ തുടർനടപടികൾ റദ്ദാക്കണം എന്നുമാണ് ഹർജിക്കാരുടെ ആവശ്യം. കേസെടുത്ത നടപടി നിയമവിരുദ്ധവും ദുരുദ്ദേശ്യത്തോടെ ഉള്ളതാണെന്നും റദ്ദാക്കണമെന്നും അഡ്വ.ടി.ആസഫലി വഴി നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടു.

2022 ജൂൺ 24നു രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്ക് എസ്എഫ്ഐ പ്രവർത്തകർ അതിക്രമിച്ചു കയറി ഓഫിസ് അടിച്ചു തകർത്തിരുന്നു. എസ്എഫ്ഐക്കാർ ഫർണിച്ചർ തകർത്തു. ഗാന്ധിജിയുടെ ചിത്രം ചുവരിൽ നിന്നെടുത്തു നശിപ്പിച്ചു. പൊലീസിനെയും ആക്രമിച്ചു. സംഭവത്തിൽ 300 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ഒരാഴ്ച കഴിഞ്ഞ് ഗാന്ധിജിയുടെ ചിത്രം ഓഫിസ് ജീവനക്കാരാണ് തകർത്തത് എന്നാരോപിച്ച് കിഷോർ ലാൽ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe