റേഷൻ വ്യാപാരികളുടെ മുഴുവൻ കമ്മിഷൻ തുകയും അനുവദിച്ച് സർക്കാർ ഉത്തരവ്

news image
Nov 29, 2022, 2:20 pm GMT+0000 payyolionline.in

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ മുഴുവൻ കമ്മിഷൻ തുകയും അനുവദിച്ച് സർക്കാർ ഉത്തരവ് ഇറങ്ങി. ഒക്ടോബർ മാസത്തെ കമ്മിഷൻ തുകയിൽ 49 ശതമാനം മാത്രം അനുവദിച്ച് നേരത്തെ ഇറങ്ങിയ ഉത്തരവ് പ്രതിഷേധത്തിനിടയാക്കിയിരുന്നു. സമരം പ്രഖ്യാപിച്ച റേഷൻ വ്യാപാരികൾ പിന്നീട് അത് പിൻവലിക്കുകയായിരുന്നു.

റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ ഡിസംബർ 23നകം കൊടുത്തുതീർക്കണമെന്ന്  ഹൈക്കോടതി കഴിഞ്ഞ ദിവസം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ വർഷത്തെ ഓണക്കിറ്റ് വിതരണത്തിലേതടക്കമുള്ള കമ്മീഷൻ വ്യാപാരികൾക്ക്  നൽകണം എന്നാണ് ഹൈക്കോടതി ഉത്തരവ്. കുടിശ്ശിക തീർക്കാൻ വൈകുന്ന പക്ഷം ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഭക്ഷ്യ സിവിൽ സപ്ലൈസ് സെക്രട്ടറിക്കും സിവിൽ സപ്ലൈസ് കമ്മീഷണർക്കുമാണ് ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നി‍ർദേശം നൽകിയിരിക്കുന്നത്. റേഷൻ ഡീലർമാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ്  ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.  കുടിശ്ശിക കമ്മീഷൻ വിതരണം ചെയ്യാൻ കഴിഞ്ഞ ഫെബ്രുവരിയിൽ കോടതി ഉത്തരവിട്ടിരുന്നു. ഇത് നടക്കാതെ വന്നതോടെയാണ് കോടതിലക്ഷ്യ ഹ‍ർജിയുമായി റേഷൻ വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ചത്. കമ്മീഷൻ കുടിശ്ശിക സർക്കാർ നൽകാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ നേരത്തെ സമരം പ്രഖ്യാപിച്ചിരുന്നു.

വെട്ടിക്കുറച്ച കമ്മീഷൻ പുനസ്ഥാപിക്കാമെന്ന ഭക്ഷ്യ മന്ത്രിയുടെ ഉറപ്പിനെ തുടർന്ന് സമരത്തിൽ നിന്ന് സമിതി പിന്മാറുകയായിരുന്നു. കമ്മീഷന്‍ വിഷയവുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികൾ കടയടപ്പ് സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന ഭക്ഷ്യ മന്ത്രി അനിൽ ചർച്ച വിളിച്ച് ചേർക്കുകയും റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ 49 ശതമാനമാക്കാനുള്ള സിവിൽ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് ഇവർ സമരം പിൻവലിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe