വഞ്ചിയൂർ അതിക്രമം; ‘വനിതാ കമ്മീഷൻ അധ്യക്ഷയുടെ പരാമർശം ഞെട്ടലുളവാക്കുന്നത്, അങ്ങേയറ്റം അപലപനീയം’: ഉമാ തോമസ്

news image
Mar 20, 2023, 3:15 pm GMT+0000 payyolionline.in

തിരുവനന്തപുരം: വഞ്ചിയൂരിൽ സ്ത്രീക്കെതിരെ ഉണ്ടായ അതിക്രമത്തിൽ വനിത കമ്മീഷൻ അധ്യക്ഷ നടത്തിയ പരാമർശത്തെ അപലപിച്ച്  എംഎൽഎ ഉമാ തോമസ്. ഒരു സമുന്നത സി.പി.എം നേതാവായ വനിതാ കമ്മീഷൻ അധ്യക്ഷയിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത ഒരു പരാമർശമാണ് പോലീസിനെ ന്യായീകരിച്ചുകൊണ്ട് ഉണ്ടായിട്ടുള്ളതെന്ന് ഉമാ തോമസ് കുറ്റപ്പെടുത്തി. സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ എത്ര ലാഘവത്തോടെയാണ് പോലീസ് കൈകാര്യം ചെയ്യുന്നത് എന്നതിന് ഏറ്റവും വലിയ തെളിവാണ് വഞ്ചിയൂർ സംഭവം എന്ന് ഉമാ തോമസ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ചാണ് അജ്ഞാതൻ 49 കാരിയെ ക്രൂരമായി ആക്രമിച്ചത്. സംഭവം നടന്ന ഉടൻ പേട്ട പൊലീസിൽ വിവരം അറിയിച്ചു. പക്ഷെ പൊലീസ് അനങ്ങിയില്ല. മൊഴി രേഖപ്പെടുത്താൻ പരാതിക്കാരിയോട് സ്റ്റേഷനിലെത്താൻ പൊലീസ് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിന് ശേഷമാണ് കേസെടുത്തത്.

 

വിഷയത്തിൽ ജോലിയിൽ അലംഭാവവും ഗുരുതര കൃത്യവിലോപവും കാട്ടിയ പൊലീസ് ഉദ്യോഗസ്ഥരെ ന്യായീകരിക്കുന്ന നിലപാടായിരുന്നു സംസ്ഥാന വനിതാ കമ്മീഷൻ പി സതീദേവിയുടെ ഭാഗത്ത് നിന്നുണ്ടായത്. പൊലീസ് സ്റ്റേഷനിൽ പരാതി എത്താൻ വൈകിയത് കൊണ്ടാണ് അന്വേഷണത്തിൽ കാലതാമസം ഉണ്ടായതെന്ന് അവ‍ര്‍ പറഞ്ഞു. പരാതിക്കാരി വിളിക്കുക മാത്രമാണ് ആദ്യം ചെയ്തത്, പരാതി നൽകിയില്ലെന്നും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടി വൈകാൻ കാരണമായി എന്നുമാണ് സതീദേവിയുടെ പരാമർശം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe