9 പേരുടെ മരണത്തിനിടയാക്കിയ വാൽപ്പാറ അപകടത്തിൽ നടുങ്ങി കേരളം. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരിയും ഒരു കുട്ടിയുമാണ് മരിച്ചത്. പൊള്ളാച്ചി ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുകയാണ്. ഒൻപത് പേരുടേയും പോസ്റ്റ്മോർട്ടം പൂർത്തിയായി. രാവിലെ 9 മണി മുതൽ അമ്പലപറമ്പ് ഗവണ്മെന്റ് ഹൈ സ്കൂളിൽ സ്കൂളിൽ പൊതുദർശനം നടക്കും.
ഇന്നലെ വൈകീട്ട് അഞ്ചേ കാലോടെയാണ് വിനോദയാത്രയ്ക്ക് പോയ 13 അംഗ സംഘം അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ട്രാവലർ റോഡിന്റെ സംരക്ഷണ ഭിത്തി തകർത്ത് പതിമൂന്നാം വളവിൽ നിന്ന് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു. രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ ചികിത്സയിൽ കഴിയുകയാണ്. പരുക്കേറ്റ മസ്നീനെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമെന്നാണ് ഡോക്ടേഴ്സ് അറിയിക്കുന്നത്.
പാങ്ങ് എൽപിഎസിലെ പ്രധാന അധ്യാപിക അജിത, അധ്യാപികമാരായ റംല, സുഹറ, ആശ, അധ്യാപകനായ അബ്ദുൽ മജീദ്, മജീദിന്റെ ഭാര്യ റുഖിയ, സ്കൂളിലെ പാചക തൊഴിലാളി സാജിത, പാങ്ങ് ജി.യു.പി സ്കൂളിലെ അധ്യാപിക ഷക്കീന (ഷക്കീന അടുത്തിടെയാണ് പാങ്ങ് എൽപി സ്കൂളിൽ നിന്ന് ജി.യു.പി സ്കൂളിലേക്ക് മാറിയത്) സുഹറയുടെ മകനും എട്ടാം ക്ലാസ് വിദ്യാർഥിയുമായ ഹിഷാം എന്നിവരാണ് മരിച്ചത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. മന്ത്രി കൃഷ്ണൻകുട്ടി പൊള്ളാച്ചിയിലെത്തി പരുക്കേറ്റ കുട്ടിയെ സന്ദർശിച്ചു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കോയമ്പത്തൂർ ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ അഴഗരശുവിന് തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കർ നിർദ്ദേശം നൽകി.
