വീട്ടുവളപ്പിലേക്ക് മതിൽ ചാടിക്കടക്കുന്ന കടുവ, ബത്തേരിയിൽ ജനം ഭീതിയിൽ

news image
Oct 12, 2022, 4:59 pm GMT+0000 payyolionline.in

സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയിൽ ദൊട്ടപ്പൻകുളത്ത് കടുവയിറങ്ങി. ബത്തേരി നഗരത്തിന് സമീപമാണ് കടുവയെത്തിയത്. വീടിൻ്റെ മതിൽ കടുവ  ചാടി കടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. വനപാലകർ മേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി. മാസങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്ത് കടുവയിറങ്ങിയിരുന്നു. കാട് മൂടി  കിടക്കുന്ന ബീനാച്ചി എസ്റ്റേറ്റിൽ നിന്നാണ് കടുവയെത്തിയതെന്നാണ് വിവരം.

നിലവില്‍ വയനാട് കടുവശല്യം രൂക്ഷമാണ്. ചീരാലിൽ വളർത്തു മൃഗങ്ങളെ ആക്രമിച്ചു കൊന്ന കടുവയെ മയക്കു വെടിവെച്ച് പിടികൂടാൻ ഉത്തരവിട്ടു. പ്രദേശത്ത് കൂടുതൽ കുടുകൾ സ്ഥാപിക്കാനും വനം വകുപ്പ് തീരുമാനിച്ചു. കഴിഞ്ഞ  രണ്ടാഴ്ച്ചയിലധികമയി  മുണ്ടക്കൊല്ലി, വല്ലത്തൂർ, കരിവള്ളി പ്രദേശങ്ങളിൽ കടുവ ഏഴ് പശുക്കളെയാണ് ആക്രമിച്ചു കൊന്നത്. കടുവ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ ചീരാൽ വില്ലേജിൽ ഹർത്താലും ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും നടത്തിയിരുന്നു.

കടുവയെ മയക്കുവെടി വെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് തോട്ടമൂല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നാട്ടുകാർ മാർച്ച് നടത്തി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 7 പശുക്കളെയാണ് കടുവ കൊന്നത്. കടുവ ഭീതിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ചിരാൽ ഗ്രാമം. നാട്ടുകാർ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് പേരാണ് മാർച്ചിൽ അണി നിരന്നത്. ചീരാൽ വില്ലേജ് പരിധിയിലാണ് ജനകീയ കൂട്ടായ്മ ഹർത്താൽ ആചരിച്ചത്.

വളർത്തു മൃഗങ്ങൾക്ക് നേരെയാണ് കടുവയുടെ ആക്രമണമുണ്ടായത്. മുണ്ടകൊല്ലി കണ്ണാംപറമ്പിൽ ഡാനിയേലിൻ്റെ പശുവിനെ കൊന്നു. രണ്ട് പശുക്കൾക്ക് പരിക്കേറ്റു. മേഖലയിൽ രണ്ടാഴ്ചയായി കടുവ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മൂന്ന് വളർത്തുമൃഗങ്ങളെയാണ് ഇതുവരെ കടുവ കൊന്നത്. പ്രതിഷേധവുമായെത്തിയ നാട്ടുകാർ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe