വീരവഞ്ചേരി: വീരവഞ്ചേരി എൽ.പി. സ്കൂളിൽ ഒരു മാസം നീണ്ടുനിന്ന വായന മാസാചരണ പരിപാടികൾക്ക് സമാപനമായി. ജൂൺ 19-ന് പി.എൻ. പണിക്കർ ചരമദിനത്തിൽ ആരംഭിച്ച മാസാചരണത്തിന്റെ ഭാഗമായി വായനക്വിസ്, കടങ്കഥ മത്സരം, മലയാളം, ഇംഗ്ലീഷ്, അറബിക് ഭാഷകളിലെ പാരായണ മത്സരങ്ങൾ, ലൈബ്രറി സന്ദർശനം, രചനാ മത്സരങ്ങൾ, പുസ്തകപരിചയം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിച്ചത്. കുട്ടികൾക്കൊപ്പം അമ്മമാർക്കായി നടത്തിയ പ്രത്യേക ക്വിസ് മത്സരവും ശ്രദ്ധേയമായി.
പി.ടി.എ. പ്രസിഡന്റ് നിഷാന്ത് പി.കെ.യുടെ അധ്യക്ഷതയിൽ നടന്ന സമാപനച്ചടങ്ങ് മൂടാടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഭവാനി എ.വി. ഉദ്ഘാടനം ചെയ്തു. മേലടി എ.ഇ.ഒ. പ്രേമചന്ദ്രൻ കെ.വി. ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കും അമ്മമാർക്കുമുള്ള സമ്മാനദാനവും ചടങ്ങിൽ വെച്ച് നിർവ്വഹിച്ചു.
പ്രധാനാധ്യാപിക ടി.കെ. സുജാത സ്വാഗതം ആശംസിച്ച ചടങ്ങിൽ മാതൃസമിതി ചെയർപേഴ്സൺ ദിവ്യ ശ്രീജേഷ് ആശംസകൾ നേർന്നു. എസ്.ആർ.ജി. കൺവീനർ ഭവ്യ സി. നന്ദി രേഖപ്പെടുത്തി. അധ്യാപകരായ ഷിബു ഇ, ആരിഫ എ, ജലീഷ് ബാബു എം.പി, ഷിജു എം, അനിൽ ആർ. തുടങ്ങിയവർ നേതൃത്വം നൽകി.
