തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ആരോപണ വിധേയരായവരെ പ്രധാന സ്ഥാനങ്ങളിൽ നിയമിച്ചതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ. സ്വർണക്കൊള്ളയിൽ പങ്കുപറ്റിയവരെ മർമ്മസ്ഥാനത്ത് നിയമിക്കുന്ന ഉത്തരവ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡ് പ്രസിഡന്റിന് കത്ത് നൽകിയെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
ദേവസ്വം പ്രസിഡന്റ് ജയകുമാർ നിഷ്പക്ഷനായ ആളായതുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്. തിരുത്തിയില്ലെങ്കിൽ ഈ ദേവസ്വം ബോർഡിനും സ്വർണക്കൊള്ളയിൽ പങ്കുണ്ട് എന്ന ധാരണയിൽ സർക്കാർ മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. സ്വർണക്കൊള്ളയിൽ എസ്ഐടിയുടെ ചാർജ് ഷീറ്റിന് ശേഷം മാത്രമേ ഇടപെടാൻ കഴിയൂ. ചാർജ് ഷീറ്റിലെ കാര്യങ്ങൾ തൃപ്തികരമല്ലെങ്കിൽ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.
ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത ഉദ്യോഗസ്ഥന് പ്രധാന പദവിയിൽ നിയമനം നൽകിയിരുന്നു. സ്വർണക്കൊള്ള സമയത്ത് ശബരിമല സെക്ഷൻ ക്ലർക്കായിരുന്ന ശ്യാമിനെ അഡ്മിനിസ്ട്രേറ്റഷൻ ഓഫീസറാക്കിയാണ് നിയമിച്ചിരിക്കുന്നത്. വള്ളിയങ്കാവ് ദേവസ്വത്തിലാണ് നിയമനം. സംഭവം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ദേവസ്വം വകുപ്പ് മന്ത്രി വിഷയത്തിൽ ഇടപെടുകയും ട്രാൻസ്ഫർ റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നാളെ ചേരുന്ന ദേവസ്വം ബോർഡ് യോഗം വിഷയം ചർച്ച ചെയ്യും. വിജിലൻസ് ക്ലിയറൻസ് ലഭിച്ചതിനാലാണ് നിയമനമെന്നാണ് ബോർഡിന്റെ വിശദീകരണം. നിലവിൽ ദേവസ്വം ബോർഡിൽ അസിസ്റ്റന്റ് കമ്മീഷണർ പദവിയാണ് ശ്യാം വഹിക്കുന്നത്.
